റിയാദ്: സൗദിയിലെ ജയിലിൽ കഴിയുന്ന സൗദി രാജകുമാരി ബസ്മ ബിന്ത് സൗദിനെക്കുറിച്ച് (55) വിവരങ്ങളൊന്നുമില്ലെന്ന് റിപ്പോർട്ട്. കുറ്റവാളിയല്ലാത്ത തന്നെ അനധികൃതമായി ജയിലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യം മോശമായി മരണതുല്യമായ അവസ്ഥയിലാണെന്നും ബസ്മ ഏപ്രിൽ 16ന് ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് അവ ഡിലീറ്റ് ചെയ്യപ്പെട്ടു. ശേഷം ഇവരുമായി ബന്ധപ്പെട്ട യാതൊരു വിവരവും ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മുമ്പ്, ആഴ്ചയിൽ ഒരു തവണ ബന്ധുക്കളെ വിളിക്കാൻ അനുമതി ഉണ്ടായിരുന്നു. ഇപ്പോൾ അതുമില്ല. കൂടാതെ, ജയിലിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതും ബന്ധുക്കളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. രാജകുമാരിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
സൗദിയിലെ മതപരവും സാമ്പത്തികവുമായ വേർതിരിവുകൾക്കെതിരെ ശബ്ദമുയർത്തി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ ബസ്മയെ കഴിഞ്ഞ വർഷമാണ് അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയുടെ രണ്ടാമത്തെ അധികാരിയായിരുന്ന സൗദ് ബിൻ അബ്ദുൽ അസീസ് അൽ-സൗദിന്റെ മകളാണ്.