വാഷിംഗ്ടൺ: ഇന്ത്യൻ - അമേരിക്കക്കാരനായ അശോക് മൈക്കൽ പിന്റോയെ ഇന്റർനാഷനൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ് (ഐ.ബി.ആർ.ഡി) പ്രതിനിധിയായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. നിലവിൽ യു.എസ് ട്രഷറി അണ്ടർ സെക്രട്ടറിയുടെ കൗൺസിലറാണ് പിന്റോ.
ഐ.ബി.ആർ.ഡിയിൽ അമേരിക്കയുടെ ആൾട്ടർനേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറായാണ് ഇദ്ദേഹം ചുമതല വഹിക്കുക. രണ്ടുവർഷത്തേക്കാണ് നിയമനം. നിലവിൽ എറിക് ബെഥേലാണ് ഈ പദവിയിൽ. നാമനിർദേശം സെനറ്റ് അംഗീകരിച്ചാൽ പിന്റോ സ്ഥാനമേൽക്കും.
സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് ബി.എയും ഇല്ലിനോയിസ് കോളജ് ഒഫ് ലോയിൽ നിന്ന് ജെ.ഡിയും നേടിയ പിന്റോ മുൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ സ്പെഷ്യൽ അസിസ്റ്റന്റും അസോസിയേറ്റ് കോൺസലുമായിരുന്നു.