harishchandra-shrivardhan

മുംബയ്: മുംബയ് ഭീകരാക്രമണക്കേസിൽ അജ്മൽ കസബിനെ തിരിച്ചറിഞ്ഞ ഹരിശ്ചന്ദ്ര ശ്രീവാർദ്ധങ്കറെ വീട്ടുകാർ ഉപേക്ഷിച്ചു. സ്വന്തക്കാർ ഉപേക്ഷിച്ച ഇദ്ദേഹത്തെ തെരുവിൽ നിന്ന് ഒരു കടയുടമ രക്ഷപ്പെടുത്തി. മുംബയിലെ സാത്ത് റാസ്ത ഷോപ്പ് ഉടമ ഡീൻ ഡിസൂസയാണ് അവശനായി കിടക്കുന്ന ഹരിശ്ചന്ദ്രയെ കാണുന്നത്.

അജ്മൽ കസബിനെ തിരിച്ചറിഞ്ഞ പ്രധാന സാക്ഷികളിൽ ഒരാളാണ് ശ്രീവാർദ്ധങ്കർ.കസബിന്റെ വെടിയുണ്ടയേറ്റ് ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു.'ഡിസൂസ കണ്ടെത്തിയപ്പോൾ അദ്ദേഹം അവശനായിരുന്നു.ഞങ്ങൾ നൽകിയ ഭക്ഷണം ശ്രീവാർദ്ധങ്കർ കഴിച്ചില്ല. ഞങ്ങൾ അദ്ദേഹത്തെ കുളിപ്പിക്കുകയും മുടിവെട്ടി വൃത്തിയാക്കുകയും ചെയ്തു.അദ്ദേഹത്തിന് ഇവിടെ ഒരു ബന്ധു ഉണ്ടെന്ന് ഞങ്ങൾക്ക് ഒരു സൂചന കിട്ടി'- നിരാലംബർക്കായി ഐഎംകെയർസ് എന്ന എൻജിഒ നടത്തുന്ന ഡീൻ ഡിസൂസയുടെ സുഹൃത്ത് ഗെയ്ക്വാഡ് പറഞ്ഞു,

' ഞങ്ങൾ ഒരു ദിവസം മുഴുവൻ അന്വേഷിച്ച് അദ്ദേഹത്തിന്റെ സഹോദരനെ കണ്ടെത്തി. ശ്രീവാർദ്ധങ്കറിനെക്കുറിച്ച് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. മുംബയ് ഭീക്രാക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ അങ്ങനെയാണ് അറിഞ്ഞത്. എന്നാൽ അദ്ദേഹത്തെ പരിപാലിക്കാൻ കുടുംബം തയ്യാറല്ല. ശ്രീവാർദ്ധങ്കറിനെ ആശ്രമത്തിലാക്കാൻ അവർ പറഞ്ഞു.”ഗെയ്ക്വാഡ് കൂട്ടിച്ചേർത്തു.