lab-

ബ്ളുംബർഗ്:- ശാസ്ത്രജ്ഞന്മാർ പുതുതായി ലാബിൽ സൃഷ്ടിച്ച മോണോക്ളോണൽ ആന്റിബോഡി, കൊറോണ വൈറസിനെ നിഷ്പ്രഭമാക്കിയെന്ന് റിപ്പോർട്ട്. സെൽകൾച്ചറിൽ പ്രത്യേക തരത്തിൽ വളർത്തിയെടുക്കുന്ന ആന്റിബോഡിയിൽ വൈറസ് നിഷ്ക്രിയമായി. വൈറസ്, ബാക്റ്റീരിയ മൂലമുണ്ടാകുന്ന രോഗത്തോട് ശരീരം സൃഷ്ടിക്കുന്ന ആന്റിബോഡിക്ക് സാമ്യമുള്ളതാണ് പുതിയ മോണോക്ളോണൽ ആന്റിബോഡി. എന്നാൽ ഇത് മൃഗങ്ങളിലോ മനുഷ്യനിലോ പരീക്ഷണം നടത്തുന്നതിന് മുൻപുള്ള ആദ്യ ഘട്ടം മാത്രമാണ്.

മറ്റ് മരുന്നുകളോട് ചേർത്ത് ഉപയോഗിച്ചാലോ ആന്റിബോഡി മാത്രമായോ കൊവിഡ് 19 രോഗബാധയെ തുരത്താം എന്ന് ശുഭസൂചന നൽകാൻ ഈ കണ്ടുപിടിത്തത്തിലൂടെ കഴിയുമെന്ന് 'നേച്ചർ കമ്മ്യൂണിക്കേഷൻസ്' മാസികയിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നു.

നെതർലന്റിലെ ഊട്രെക്റ്റ് സർവ്വകലാശാലയിലെ ബെറെന്റ് ഴാൻ ബോഷും സുഹൃത്തുക്കളുമാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയത്.

ഒരു ക്ളിനിക്കൽ അന്തരീക്ഷത്തിൽ അന്റിബോഡി എത്രത്തോളം ഫലപ്രദമായി കൊറോണ വൈറസിനെ പ്രതിരോധിക്കും എന്ന് തുടർന്നും നിരീക്ഷിച്ച് അറിയേണ്ടതുണ്ട്. കൊറോണ വൈറസിന് കിരീട സമാനമായ രൂപം നൽകുന്ന പ്രൊട്ടീനിനെയാണ് മോണോക്ളോണൽ ആന്റിബോഡി ആക്രമിക്കുക. ഈ പ്രോട്ടീനിനെ മാത്രമല്ല സമാനമായ സാർസ് രോഗം പരത്തുന്ന പ്രൊട്ടീനിനെയും ആന്റിബോഡി നശിപ്പിക്കുന്നുണ്ട്. വളരെയധികം ശക്തിയേറിയ ഇവ വൈറസിന്റെ ഒരു ഭാഗം കേന്ദ്രീകരിച്ചാണ് ആക്രമിക്കുക. ജനിതക പരിവർത്തനം നടത്തിയ എലിയിൽ നിന്നാണ് പരീക്ഷണത്തിനാവശ്യമായ വിവിധതരം ആന്റിബോഡികളെ വേർതിരിച്ചെടുത്തിരിക്കുന്നത്.

ഇൻഫെക്ഷൻ മൂലമുണ്ടാകുന്ന രോഗങ്ങൾക്ക് ആന്റിബോഡി വഴിയുള്ള ചികിത്സ വളരെയേറെ പ്രത്യാശ നൽകുന്ന ഒന്നാണ്. കാൻസർ പോലെയുള്ള രോഗങ്ങൾക്ക് നിലവിൽ മോണോക്ളോണൽ ആന്റിബോഡി ഉപയോഗിച്ചുള്ള ചികിത്സാ രീതികൾ വലിയ മാറ്റങ്ങൾ തന്നെ സൃഷ്ടിച്ചിട്ടുണ്ട്.