തിരവനന്തപുരം: ഇന്ന് മൂന്ന് പേർക്ക് കൊവിഡ്.വയനാട് ജില്ലയിലാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം മൂലമാണ് ഇവർക്ക് രോഗം പടർന്നത്. ചെന്നൈയില്‍ പോയി വന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. അയാളുടെ അമ്മയ്ക്കും ഭാര്യക്കും വാഹനത്തിലെ ക്ലീനറുടെ മകനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
അതേസമയം, രോഗബാധയുള്ളവരുടെ ആരുടെയും പരിശോധനാഫലം ഇന്ന് നെഗറ്റീവായി വന്നിട്ടില്ല. 37 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 502 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
പ്രവാസികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളം ആവശ്യപ്പെട്ട എല്ലാവരെയും തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ചില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനത്ത് തിരിച്ചെത്തുക എൺപതിനായിരത്തോളം പേരെന്നാണ് സൂചന. പ്രവാസികൾക്ക് കേന്ദ്രം നിശ്ചയിച്ച പരിശോധനകൾ മതിയാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് വാഹനം കിട്ടാത്ത അവസ്ഥയുണ്ടെന്നും, പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 3363 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തി. സംസ്ഥാനം വിട്ടുള്ള യാത്രയ്ക്ക് പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെയും അനുമതിയാണ് വേണ്ടത്. സഞ്ചരിക്കുന്ന റൂട്ട് വേണമെങ്കിൽ അതിൽ കാണിക്കാം.