തിരുവനന്തപുരം: നഗരത്തിൽ കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതികളുമായി നഗരസഭ ഒരുങ്ങുന്നു. നഗരസഭാ പരിധിയിലുള്ള 11 കൃഷിഭവനുകളെ സഹകരിപ്പിച്ച് 200 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കാൻ നടപടി ആരംഭിച്ചതായി മേയർ കെ. ശ്രീകുമാർ അറിയിച്ചു. വീടുകളിൽ ടെറസ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുലക്ഷം ഗ്രോബാഗുകൾ തൈകൾ ഉൾപ്പെടെ 75 ശതമാനം സബ്സിഡിയോടു കൂടി വിതരണം ചെയ്യും. 10 ഗ്രോബാഗുകൾ അടങ്ങിയ ഒരു യൂണിറ്റിന് 200 രൂപയാണ് വില. നഗരപരിധിയിലുള്ള കൃഷിഭവനുകൾ വഴി ഇവ വിതരണം ചെയ്യും. ഗ്രോബാഗ് യൂണിറ്റ് ആവശ്യമുള്ളവർക്ക് സ്മാർട്ട് ട്രിവാൻഡ്രം ആപ്പ് വഴി രജിസ്റ്റർ ചെയ്യാം തൈ അടങ്ങിയ ഗ്രോബാഗ് ഈ മാസം അവസാനത്തോടു കൂടി വീടുകളിലെത്തിക്കും. നഗരസഭ സ്വസ്തി ഫൗണ്ടേഷന്റെ സഹകരണത്തോടെ കുറവൻകോണത്തെ ഒരു ഏക്കറിൽ ഒരുക്കുന്ന കൃഷി ഇന്ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, വി.എസ്. സുനിൽകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.