കഴിഞ്ഞ വർഷത്തെ കാലവർഷം ആവർത്തിക്കും
തിരുവനന്തപുരം: കൊവിഡിൽ വിറച്ചുപോയ കേരളത്തിന്റെ മണ്ണും മനസും കുളിർപ്പിക്കാൻ ഇക്കുറി കാലവർഷം തകർത്തു പെയ്യുമെന്നാണ് സൂചന. 50 ദിവസത്തോളം നീളുന്ന ലോക്ക്ഡൗണിൽ വൈറസിനെ പേടിച്ച് മനുഷ്യരെല്ലാം അകത്തിരുന്നപ്പോൾ സ്വയം നിശ്വസിച്ച പ്രകൃതിയിൽ എല്ലാം ഒന്ന് കഴുകി ശുദ്ധമാക്കാൻ ഉഗ്രൻ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. പ്രളയം ഉണ്ടാകുന്ന തരത്തിൽ മഴയുടെ ഭാവം മാറിയില്ലെങ്കിലും ഡാമുകൾ നിറയും. നദികൾ കരകവിയാം.
കഴിഞ്ഞ രണ്ടുവർഷവും പ്രതീക്ഷകൾ തെറ്റിച്ച് തിമിർത്ത കാലവർഷം ആവർത്തിക്കാനും സാദ്ധ്യതയുണ്ട്. കഴിഞ്ഞവർഷത്തെ തോതിലൊ അതിലേറെയോ മഴയുണ്ടാകുമെന്നാണ് പ്രവചനം.
ഇക്കുറി വേനൽമഴ പകുതിപോലും കിട്ടിയില്ല. അതുകൊണ്ട് സംസ്ഥാനത്ത് താപനില ഒന്നര മാസമായി കൂടുതലാണ്. 35 ഡിഗ്രിക്ക് താഴെ പകൽ താപനിലയും 26ന് താഴെ രാത്രി താപനിലയും പോയിട്ടില്ല. അത് വായു ചൂടുപിടിക്കാനും വടക്കുപടിഞ്ഞാറൻ കാറ്റ് ഇവിടെ വീശിയടിക്കാനും ഇടയാക്കും. ഇതും നല്ല മഴയ്ക്ക് അനുകൂലഘടകമാണ്.
കാലവർഷം കാലംതെറ്റില്ല
കൊവിഡ് പോയാലും ഇല്ലെങ്കിലും സ്‌കൂൾ തുറന്നാലും ഇല്ലെങ്കിലും കാലവർഷം ജൂൺ ഒന്നിന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മദ്ധ്യപൂർവ്വ ശാന്തസമുദ്രനിരപ്പിലെ ഉഷ്മാവാണ് കേരളത്തിൽ മഴയുടെ തോത് നിർണയിക്കുന്ന പ്രധാന ഘടകം. അവിടെ തണുപ്പാണ്. അതുകൊണ്ട് മഴമേഘങ്ങൾക്ക് കട്ടികൂടും. ആ മേഘങ്ങൾ ഒഴുകിയെത്തുമ്പോൾ പശ്ചിമഘട്ടം കടന്നുപോകില്ല. അവിടെ തട്ടി മഴയായി സംസ്ഥാനത്ത് പെയ്തിറങ്ങും.
വേനൽമഴ -മാർച്ച് 1 മുതൽ മേയ് 31വരെ
കിട്ടേണ്ടത് 379.7 എം.എം
കിട്ടിയത് 169.6 എം.എം.
കുറവ് 210.1 എം.എം.
തെക്കുപടിഞ്ഞാറൻ കാലവർഷം - ജൂൺ 1 മുതൽ സെപ്തംബർ 30 വരെ
ശരാശരി കാലവർഷം- 2049 എം.എം.
2018 ലെ പ്രളയമഴ - 2517 എം.എം
2019 ലെ പ്രളയമഴ -2310 എം.എം
2020ൽ പ്രതീക്ഷിക്കുന്നത് 2300 എം.എം
റെക്കാഡ് 1924 ൽ -- 3115 എം.എം
തെക്കുപടിഞ്ഞാറൻ കാലവർഷം
ഭൂമിയുടെ ദക്ഷിണാർദ്ധഗോളത്തിലെ താപവ്യതിയാനം മൂലം നീങ്ങുന്ന വായു ഭൂമദ്ധ്യരേഖയിലെത്തുമ്പോൾ വടക്കുകിഴക്കോട്ട് തിരിഞ്ഞ് തെക്കുപടിഞ്ഞാറൻ ദിശയിൽ വൻകാറ്റായി വീശുമ്പോഴുണ്ടാകുന്ന മഴയാണ് തെക്കുപടിഞ്ഞാറൻ കാലവർഷം.ഇത് രണ്ടായി തിരിഞ്ഞ് ഒന്ന് പശ്ചിമഘട്ടത്തിലേക്കും മറ്റേത് ബംഗാൾ ഉൾക്കടലിലേക്കും നീങ്ങും. ജൂൺ മുതൽ ഒക്ടോബർ വരെയാണ് കാലവർഷം