ഡിസ്‌പൂർ: അസമിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപകമാകുന്നു. 2,800 വളർത്തു പന്നികളാണ് ചത്തൊടുങ്ങിയത്. 2018- 2020 കാലയളവിൽ ചൈനയിലെ 60 ശതമാനത്തോളം വളർത്തുപന്നികളും ചത്തത് ആഫ്രിക്കൻ പന്നിപ്പനി മൂലമായിരുന്നു. 2019ൽ ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തതെന്നും ചൈനയാണ് പന്നിപ്പനിയ്ക്ക് കാരണമെന്നും അസം സർക്കാർ ആരോപിച്ചു.
മനുഷ്യരിലേക്ക് പകരില്ലെങ്കിലും പന്നിപ്പനിക്ക് മരുന്ന ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.രോഗബാധയുള്ള പന്നികളെ കണ്ടെത്തി കൊല്ലുകയും മറ്റുള്ളവയെ മാറ്റിനിറുത്തുകയുമാണ് ഏക പോംവഴി. കടുത്ത പ്രതിരോധ നടപടികൾ കൈക്കൊള്ളാൻ സർക്കാർ ഫാം ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്.
192ൽ കെനിയയിലാണ് ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തത്. 2018ൽ ചൈനയിൽ ഈ രോഗം വ്യാപിച്ചതിനെ തുടർന്ന് ലക്ഷക്കണക്കിന് പന്നികളെ കൊന്നൊടുക്കിയിരുന്നു. 2019ൽ വിയറ്റ്‌നാം, കംബോഡിയ, ദക്ഷിണാഫ്രിക്ക, ബെൽജിയം എന്നിവിടങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിരുന്നു.