pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പല സ്ഥലങ്ങളിലും പൊലീസ് ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ തടഞ്ഞിരുന്നു. ഇതു സംബന്ധിച്ച് പൊലീസിനു നിർദേശം നൽകിയതായി ഗതാഗത സെക്രട്ടറി പറഞ്ഞെങ്കിലും അറിഞ്ഞിട്ടില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതുസംബന്ധിച്ച അവ്യക്തതയാണ് കൊവിഡ് അവലോകനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി തീർത്തത്.

കൂടാതെ, രാവിലെ ഏഴുമുതൽ രാത്രി ഏഴു വരെ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനു തടസമില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ ഈ ഇളവുണ്ടാകില്ല. അവശ്യസർവീസുകൾക്കു മാത്രമാണ് കണ്ടെയ്ൻമെന്റ് സോണിൽ അനുമതിയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അവശ്യസേവനങ്ങൾക്കും അനുവദിക്കപ്പെട്ട ജോലികൾക്കും പ്രത്യേക യാത്രാപാസ് വേണ്ട. ഇത്തരം ആളുകൾക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് മതിയാകും. ഹോട്സ്‌പോട്ട് മേഖലകളിലേക്കു പാസ് നൽകില്ല.

കണ്ടെയ്ൻമെന്റ് സോണിൽ ഉപാധികളോടെ സ്വകാര്യ ഓഫിസുകൾ തുറക്കാം. ഓഫിസിൽ ജോലിചെയ്യുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.