അടുത്തകാലത്തൊന്നും ഗാലറി തുറക്കാനാവില്ലെന്ന് ഇംഗ്ളീഷ് എഫ്.എ തലവൻ
ലണ്ടൻ: കോവിഡ് വ്യാപനത്തെ തുടർന്ന് നിറുത്തിവച്ചിരിക്കുന്ന യൂറോപ്പിലെ ഫുട്ബാൾ ലീഗുകൾ പുനരാരംഭിച്ചാലും സമീപകാലത്തേക്കൊന്നും കാണികളെ ഗാലറികളിൽ കയറ്റാനാവില്ലെന്ന് ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ ചെയർമാൻ ഗ്രെഗ് ക്ലാർക്ക്. ഇംഗ്ലണ്ടിലും ജർമനിയിലും ഇറ്റലിയിലും സ്പെയിനിലുമൊക്കെ ലീഗ് സീസണുകൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിനിടെയാണ് കാണികളുടെ തിരിച്ചുവരവ് സംബന്ധിച്ച് എഫ്.എ തലവന്റെ മുന്നറിയിപ്പ്. ഈ സീസൺ മാത്രമല്ല, അടുത്ത സീസണും കാണികളില്ലാതെ കളിക്കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ഗ്രെഗ് ക്ലാർക്ക് നൽകുന്നത്.
‘‘ അന്തരീക്ഷം തെളിയാൻ എത്രകാലം വേണ്ടിവരുമെന്ന് അറിയില്ല. കൊവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലം നിർണായകമാണ്. അതുകൊണ്ട് ഫുട്ബാൾ സംസ്കാരത്തിൽ കാര്യമായ മാറ്റങ്ങൾ ആവശ്യമായിവരും. കളിയുടെ ജീവനാഡിയായ ആരാധകരെ നീണ്ടകാലത്തേക്ക് ഗാലറിയിൽ കാണാൻ കഴിയണമെന്നില്ല’’ -ഫുട്ബാൾ അസോസിയേഷൻ ഗവേണിംഗ് കൗൺസിലിന് എഴുതിയ കത്തിൽ ക്ലാർക്ക് വ്യക്തമാക്കി. നിലവിലെ ബജറ്റിൽ 7.5 കോടി പൗണ്ടിന്റെ കുറവുണ്ടാവുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
അതേസമയം,ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ശേഷിക്കുന്ന മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താനുള്ള നീക്കത്തിനെതിരെ ക്ലബുകൾ രംഗത്തെത്തി. മുൻനിര ക്ലബുകളുടെ നിർദേശം ചെറുക്ലബുകൾക്ക് തിരിച്ചടിയാവുമെന്നാണ് ബ്രൈറ്റണിന്റെ അഭിപ്രായം. ഏഴോളം ക്ലബുകൾ നിഷ്പക്ഷ വേദിയെന്ന നിർദേശത്തെ എതിർത്തതായാണ് സൂചന.