pinarayi-vijayan

ചെന്നൈ: കൊവിഡ് പ്രതിരോധത്തിൽ തമിഴ്‌നാട് കേരളത്തെ മാതൃകയാക്കണമെന്ന് അഭിപ്രായപ്പെട്ട് തമിഴ്‌നടൻ കമൽഹാസൻ. രാഷ്ട്രീയം മറന്ന് തിരിച്ചറിവ് നടത്തേണ്ട സമയമാണിതെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. ഒരു മലയാള സ്വകാര്യ ചാനലുമായി നടത്തിയ അഭിമുഖത്തിലാണ് കമൽഹാസൻ തന്റെ അഭിപ്രായം പറഞ്ഞത്.

സംസ്ഥാനത്തെ 'എന്റെ കേരളം' എന്നു വിളിച്ചുകൊണ്ടാണ് കമൽഹാസൻ സംസാരിച്ചത്. കേരളത്തെ പോലെ, ഒഡിഷയും മഹാമാരിക്കെതിരെ മികച്ച പ്രതിരോധം കാഴ്ചവയ്ക്കുന്നത് തന്നെ സന്തുഷ്ടനാക്കുന്നുണ്ടെന്നും കമൽഹാസൻ പറഞ്ഞു.

കേരളത്തിന്റെ വിജയത്തിൽ നിന്നും മറ്റുള്ളവരുടെ പരാജയങ്ങളിൽ നിന്നും നാം പാഠങ്ങൾ പഠിക്കാൻ ശ്രദ്ധിക്കണം. രോഗപ്രതിരോധത്തിന്റെ കാര്യത്തിൽ തമിഴ്‌നാട് കൂടുതൽ സുതാര്യമായി പ്രവർത്തിക്കണം. ജീവിതം ഹ്രസ്വമാണ്. അതുപോലെതന്നെയാണ് വ്യക്തിപരമായ ലാഭവും നേട്ടങ്ങളും. അദ്ദേഹം പറയുന്നു.

തമിഴ്‌നാടിന്റെ സർക്കാർ അഴിമതിക്കാരാണ്. അവർ ഇപ്പോഴെങ്കിലും സ്വയം തിരുത്താൻ തയ്യാറാകണം. അങ്ങനെ ചെയ്തില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് അവരെ തിരുത്തും. കമൽഹാസൻ ചൂണ്ടിക്കാണിക്കുന്നു.

അടുപ്പിച്ച് രണ്ടു ദിവസം പോസിറ്റീവ് കൊവിഡ് കേസുകൾ റിപ്പോർട്ട്ചെയ്യാതിരുന്ന ശേഷം ഇന്നാണ് കേരളത്തിൽ വീണ്ടും മൂന്ന് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം സംസ്ഥാനത്ത് 61 പേർക്ക് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായപ്പോൾ ഇന്ന് ആരും രോഗമുക്തി നേടിയിട്ടില്ല.

എന്നിരുന്നാലും നിലവിൽ 37 പേർ മാത്രമാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 502 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.