ashutosh-sharma

ജയ്പൂർ: കമ്മുകാശ്മീരിൽ ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച കേണൽ അശുതോഷ് ശർമ്മയ്ക്ക് രാജ്യം ആദരാഞ്ജലി അർപ്പിച്ചു. ജയ്പൂരിൽ നടന്ന പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങിൽ അമ്മയും ഭാര്യ പല്ലവിയും മകൾ തമന്നയും അദ്ദേഹത്തിന് അന്ത്യാഭിവാദ്യം അർപ്പിച്ചു. 21 രാഷ്ട്രീയ റൈഫിൾസ് കമാന്റിംഗ് ഓഫീസറായ അശുതോഷ് ശർമ്മ ഭീകരവാദ വിരുദ്ധ പോരാട്ടത്തിലൂടെ രണ്ട് തവണ ധീരതയ്ക്കുള്ള അവാർഡ് വാങ്ങിയയാളാണ്. ജയ്പൂരിലെ മിലിറ്ററി സ്റ്റേഷനിൽ നടന്ന ചടങ്ങിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, ബിജെപി എംപി രാജ്യവർദ്ധൻ സിങ് രാഥോർ തുടങ്ങി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. ശനിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലിലാണ് അശുതോഷ് ശർമ്മ, മേജർ അനുജ് സൂദ്, നായിക് രാജേഷ് കുമാർ, ലാൻസ് നായിക് ദിനേശ് എന്നിവരും പൊലീസ് ഓഫീസർ ഷക്കീൽ അഹമ്മദ് ഖാസിയും വീരചരമം പ്രാപിച്ചത്. തിങ്കളാഴ്ച രാവിലെയാണ് പ്രത്യേകവിമാനത്തിൽ കേണൽ ശർമയുടെ മൃതദേഹം ജയ്പൂരിൽ എത്തിച്ചത്. സംസ്കാരം ഇവിടെ ഇന്നലെ നടന്നു. മേജർ അനുജ് സൂദിന്റെ സംസ്കാരവും ഇന്നലെ ചണ്ഡിഗഡിൽ നടന്നു.