pakistan

ന്യൂഡൽഹി: അന്താരാഷ്ട്ര ഭീകരസംഘടനയായ അൽ ഖ്വയ്ദയുടെ അറേബ്യൻ പെനിൻസുലാ വിഭാഗം(എ.ക്യൂ. എ.പി) ഇന്ത്യയ്‌ക്കെതിരെ 'ജിഹാദ്'(വിശുദ്ധ യുദ്ധം)വേണമെന്നാവശ്യപ്പെട്ടതായി ഇന്ത്യൻ ഇന്റലിജൻസ് എജൻസികൾ. ഇന്ത്യയിൽ മുസ്ലിം വംശഹത്യയും മുസ്ലീങ്ങൾക്കെതിരെ വിവേചനവും ഉണ്ടാകുന്നുണ്ടെന്ന ആരോപണത്തെ കൂട്ടുപിടിച്ചാണ് അൽ ഖ്വയ്ദ ഇതിനായി തയ്യാറെടുക്കുന്നത്.

ഈ 'യുദ്ധത്തിൽ' പങ്കുചേരാൻ ഇന്ത്യയിലെ മുസ്ലിം പൗരന്മാരോട് ആഹ്വാനം ചെയ്തിരിക്കുക കൂടിയാണ് ഭീകരസംഘടനയുടെ പശ്ചിമേഷ്യൻ വിഭാഗം. ഈ വിഷയത്തിൽ പാകിസ്ഥാനി ചാരസംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസുമായി(ഐ.എസ്.ഐ) ഭീകരസംഘടയ്ക്ക് അവിശുദ്ധ കൂട്ടുകെട്ടുള്ളതായും ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ദേശീയ മാദ്ധ്യമമായ 'ഹിന്ദുസ്ഥാൻ ടൈംസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഉടലെടുത്ത പ്രതിഷേധങ്ങളുടെ സാഹചര്യം മുതലെടുക്കാനാണ് ഇതിലൂടെ അൽ ഖ്വയ്ദയും പാകിസ്ഥാനും ശ്രമിക്കുന്നത്.

പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളുടെ ചുവടുപിടിച്ച് ഇതിനായുള്ള ആദ്യ ശ്രമങ്ങൾ പാകിസ്ഥാൻ ആരംഭിച്ചിരുന്നുവെന്നാണ് ഒരു മുതിർന്ന ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നത്.

ഇതോടൊപ്പം ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളെയും തകർക്കാൻ പാകിസ്ഥാൻ ശ്രമങ്ങൾനടത്തിയിരുന്നു. ഇതിനായി 2,794 ട്വിറ്റർ ഹാൻഡിലുകളാണ് പാകിസ്ഥാൻ നിർമിച്ചതെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു.

ഇന്ത്യയിലെ ചിലർ പാകിസ്ഥാന്റെ ഈ വ്യാജപ്രചാരണത്തിൽ പെട്ടുപോയിട്ടുണ്ടെന്നും സമാനമായ രീതിയിൽ ഗൾഫ് രാജ്യങ്ങളിലെ ചിലരും ഇത് വിശ്വസിക്കാൻ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ 'ആഗോള ജിഹാദി'നാണ് പാകിസ്ഥാനും അൽ ഖ്വയ്ദയും ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.