മുംബയ് : ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ ആവശ്യമായ മികവ് ആഭ്യന്തര ക്രിക്കറ്റിൽ കാഴ്ചവയ്ക്കാത്തതിനാലാണ് സുരേഷ് റെയ്നയെ ഒഴിവാക്കേണ്ടിവന്നതെന്ന് മുൻ ഇന്ത്യൻ ടീം ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ്. 2018 ജൂലായിലെ ഇംഗ്ളണ്ട് പര്യടനത്തിന് ശേഷമായിരുന്നു റെയ്നയെ ഒഴിവാക്കിയത്. എന്നാൽ ഇതിന് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചുവരണമെന്ന ലക്ഷ്യബോധത്തോടെയുളള പ്രകടനം റെയ്നയിൽ നിന്ന് ഉണ്ടായില്ലെന്നും പ്രസാദ് കുറ്റപ്പെടുത്തി.അടുത്തിടെ തന്നെ ഒഴിവാക്കിയതിനെപ്പറ്റി റെയ്ന പരാതി പറഞ്ഞിരുന്നു.
ദേശീയ ടീമിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ തിരിച്ചുവരണമെന്ന വാശിയാണ് കളിക്കാരിൽ ഉണ്ടാകേണ്ടതെന്ന് പറഞ്ഞ പ്രസാദ് വി.വി.എസ് ലക്ഷ്മണിന്റെ ഉദാഹരണവും ചൂണ്ടിക്കാട്ടി.
2018/19 സീസണിൽ അഞ്ച് രഞ്ജി ട്രോഫി മത്സരങ്ങളിൽ കളിച്ച റെയ്ന രണ്ട് അർദ്ധസെഞ്ച്വറികളടക്കം നേടിയത് 243 റൺസ് മാത്രമാണ്. ആ സീസൺ ഐ.പി.എല്ലിലും നിരാശപ്പെടുത്തി.17മത്സരങ്ങളിൽ നിന്ന് 383 റൺസ് മാത്രമാണ് സ്കോർ ചെയ്യാനായത്. ഇതോടെയാണ് ലോകകപ്പ് ടീമിലേക്ക് റെയ്നയെ പരിഗണിക്കാതിരുന്നത്. കഴിഞ്ഞവർഷം കാൽമുട്ടിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്ന റെയ്ന ഇൗ സീസൺ ഐ.പി.എല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയായിരുന്നു.
മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനായ റെയ്ന 226 ഏകദിനങ്ങളിലും 78 ട്വന്റി-20കളിലും 18 ടെസ്റ്റുകളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.
" 1999ൽ ലക്ഷമണിനെ ടെസ്റ്റ് ടീമിൽ നിന്ന് മോശം ഫോമിന്റെ പേരിൽ ഒഴിവാക്കി. എന്നാൽ തൊട്ടടുത്ത ആഭ്യന്തര സീസണിൽ 1400 റൺസിലധികം നേടിയ ലക്ഷ്മണിനെ സെലക്ടർമാർ സന്തോഷത്തോടെ തിരിച്ചുവിളിച്ചു. സീനിയർ താരങ്ങളെ ഒഴിവാക്കുമ്പോൾ ഇത്തരത്തിലുള്ള തിരിച്ചുവരവുകളാണ് പ്രതീക്ഷിക്കുന്നത്. നിർഭാഗ്യവശാൽ റെയ്നയിൽ നിന്ന് അതുണ്ടായില്ല."- പ്രസാദ് പറഞ്ഞു.