തിരുവനന്തപുരം: കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവിന് കെ.പി.സി.സി വാഗ്ദാനം ചെയ്ത തുക വാങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
ഇവിടെ നിന്ന് പോകുന്ന തൊഴിലാളികൾക്ക് ചെലവിനുള്ള പൈസ സർക്കാർ കൊടുക്കുന്നില്ല. അതിനാൽ ആരെങ്കിലും തരുന്നത് വാങ്ങാനും തയ്യാറല്ല. ഇതെല്ലാം കേന്ദ്രസർക്കാരിന്റെ ബാദ്ധ്യതയാണ്.
ഇത് തന്റെ വ്യക്തിപരമായ പ്രശ്നമല്ല. വ്യക്തിപരമാണെങ്കിലല്ലേ അഭിമാനത്തിന്റെയും ദുരഭിമാനത്തിന്റെയും പ്രശ്നമുദിക്കുന്നുള്ളൂ എന്ന്, ഇതേക്കുറിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആക്ഷേപം ശ്രദ്ധയിൽ പെടുത്തിയപ്പോൾ മുഖ്യമന്ത്രി പറഞ്ഞു. വ്യക്തിപരമായി എല്ലാവർക്കും അഭിമാനമുണ്ടാകുന്നത് നല്ലത് തന്നെയാണ്. നാട് ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്.
മുഖ്യമന്ത്രിയുടെ സായാഹ്ന പത്രസമ്മേളനങ്ങൾ പ്രതിപക്ഷനേതാക്കളെ അധിക്ഷേപിക്കാനുള്ള അവസരമാക്കുകയാണെന്ന മുല്ലപ്പള്ളിയുടെ ആരോപണം ശ്രദ്ധയിൽ പെടുത്തിയപ്പോൾ അതിന് നിങ്ങളാണ് (മാദ്ധ്യമപ്രവർത്തകർ) ഉത്തരവാദി എന്നായിരുന്നു മറുപടി. ഞാനതൊന്നും പറയാനല്ല വന്നിരിക്കുന്നത്. പക്ഷേ നിങ്ങൾ ഓരോന്ന് ചോദിക്കും. അതിനുത്തരമായി പറയേണ്ടിവരും. ഞാനിരിക്കുന്ന കസേരയെപ്പറ്റി നല്ല ബോദ്ധ്യമുണ്ട്. അല്ലായിരുന്നെങ്കിൽ പറയാൻ ഒരുപാടുണ്ടായിരുന്നു. അതെല്ലാം പറയാത്തത്, ഇപ്പോഴത്തെ പരിമിതി ഉൾക്കൊള്ളുന്നതിനാലാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശത്ത് നിന്ന് തിരിച്ചുവരാൻ സാമ്പത്തികശേഷിയില്ലാത്തവർക്ക് ടിക്കറ്റ് ചാർജ് ഒഴിവാക്കിക്കൊടുക്കുന്നത് കേന്ദ്രം പരിശോധിക്കണം. ഇക്കാര്യം സംസ്ഥാനം നേരത്തേ ഉന്നയിച്ചിട്ടുണ്ട്. മദ്യനിരോധനം സർക്കാർ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ ഒരാശങ്കയും വേണ്ട. ഈ ദിവസങ്ങൾ മദ്യശാലകൾ തുറക്കുന്നത് പ്രായോഗികമല്ലെന്ന് മാത്രം- മുഖ്യമന്ത്രി വ്യക്തമാക്കി.
കുടിയേറ്റ തൊഴിലാളികളുടെ യാത്രച്ചെലവ്:
കോൺഗ്രസിന്റെ 10.6 ലക്ഷം കളക്ടർ നിരസിച്ചു
കളക്ടറേറ്റിനു മുന്നിൽ നേതാക്കളുടെ പ്രതിഷേധം
ആലപ്പുഴ: ബീഹാറിലേക്ക് ഇന്നലെ പുറപ്പെട്ട 1140 കുടിയേറ്റ തൊഴിലാളികളുടെ ടിക്കറ്റ് ചാർജായ 10,60,200 രൂപയുടെ ചെക്ക് കോൺഗ്രസ് നേതാക്കളിൽ നിന്ന് സ്വീകരിക്കാൻ കളക്ടർ വിസമ്മതിച്ചു. തുടർന്ന് നേതാക്കൾ പ്ളക്കാർഡുകളുമായി കളക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബീഹാറിലെ കത്തിഹാറിലേക്കുള്ള തൊഴിലാളികളുമായി 'ഓപ്പറേഷൻ സ്നേഹയാത്ര' എന്ന പേരിൽ ഇന്നലെ വൈകിട്ട് നാലിനാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടത്. തൊഴിലാളികളുടെ യാത്രച്ചെലവ് കോൺഗ്രസ് വഹിക്കണമെന്ന സോണിയാഗാന്ധിയുടെ പ്രഖ്യാപനത്തെത്തുടർന്നാണ് ഡി.സി.സി പ്രസിഡന്റ് എം.ലിജു, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡി.സി.സി ട്രഷറർ ടി.സുബ്രഹ്മണ്യദാസ് എന്നിവർ ചെക്കുമായി കളക്ടർ എം. അഞ്ജനയെ സമീപിച്ചത്. എന്നാൽ തുക വാങ്ങാൻ സർക്കാരിന്റെ അനുമതിയില്ലെന്നും യാത്രച്ചെലവ് തൊഴിലാളികൾ തന്നെ വഹിക്കണമെന്ന ഉത്തരവുണ്ടെന്നും കളക്ടർ വിശദീകരിച്ചു. തുടർന്നായിരുന്നുപ്രതിഷേധം.
ട്രെയിൻ പുറപ്പെടുന്നതിന് മുമ്പ് പ്രതിഷേധം അവസാനിപ്പിച്ച് നേതാക്കൾ റെയിൽവേ സ്റ്റേഷനിലെത്തി തൊഴിലാളികളെ യാത്രയാക്കി. അമ്പലപ്പുഴ, മാവേലിക്കര താലൂക്കുകളിൽ നിന്നുള്ള തൊഴിലാളികളാണ് ഇന്നലെ നാട്ടിലേക്ക് മടങ്ങിയത്. ഇവരെ യാത്രയാക്കാൻ കളക്ടർ എം.അഞ്ജന, എ.എം.ആരിഫ് എം.പി, ജില്ലാ പൊലീസ് മേധാവി ജെയിംസ് ജോസഫ്, സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ തുടങ്ങിയവരും സ്റ്റേഷനിൽ എത്തിയിരുന്നു.
പിണറായികസേരയുടെ മഹത്വം
മനസിലാക്കണം: മുല്ലപ്പള്ളി
അന്യസംസ്ഥാന തൊഴിലാളികളെ സഹായിക്കാൻ കോൺഗ്രസ് മുന്നോട്ടുവന്നപ്പോൾ മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും ഇരിക്കുന്ന കസേരയുടെ മഹത്വം പിണറായി മനസിലാക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളികൾക്ക് മടക്കത്തിനുള്ള ടിക്കറ്റ് തുക നൽകാനുള്ള കോൺഗ്രസ് തീരുമാനത്തെ പരിഹാസത്തോടെയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇന്ന് ആരെ അവഹേളിക്കാം എന്ന് ആലോചിച്ചാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിന് എത്തുന്നത്. എഴുതി തയ്യാറാക്കിയ പദാവലി ഉപയോഗിച്ചാണ് അവരെ കടന്നാക്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ശബ്ദതാരാവലി കുഞ്ഞുങ്ങൾക്ക് പോലുമറിയാം. മലയാള ഭാഷയിലെ ഏറ്റവും മ്ലേച്ഛമായ പദങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. കണ്ണൂരിലെ രാഷ്ട്രീയ നേതാവിന് ചിലപ്പോൾ അത് ചേരുമായിരിക്കും പക്ഷേ, അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയാണെന്ന് ഓർക്കണം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് കോൺഗ്രസ് നൽകിയ സംഭാവന സ്വീകരിക്കാത്തത്. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം സർക്കാരിന്റെ ധൂർത്താണ്. തൊഴിലാളികൾക്കുള്ള പണം നൽകാനെത്തിയ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള കോൺഗ്രസുകാരോട് മോശമായാണ് തിരുവനന്തപുരം കളക്ടർ പെരുമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കാൻ വിശ്വാസമില്ല.