yog-yuvi

ലുധിയാന : ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ മുൻ ക്യാപ്‌ടൻ മഹേന്ദ്രസിംഗ് ധോണിയും ഇപ്പോഴത്തെ ക്യാപ്‌ടൻ വിരാട് കൊഹ്‌ലിയും ചതിച്ചെന്ന് പിതാവ് യോഗ്‍രാജ് സിംഗും. ക്യാപ്ടനെന്ന നിലയിൽ സൗരവ് ഗാംഗുലി നൽകിയ പിന്തുണ തനിക്ക് ധോണിയിൽനിന്നോ കൊഹ്‌ലിയിൽനിന്നോ ലഭിച്ചില്ലെന്ന് യുവരാജ് അടുത്തിടെ കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകൾ നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടും യുവരാജിന് നല്ലൊരു യാത്രയയപ്പ് നൽകാത്തത് ധോണിയും കൊഹ്‌ലിയും മനസുവെയ്ക്കാത്തതുകൊണ്ടാണെന്ന് യോഗ്‍രാജ് പറഞ്ഞു. മുൻപും ധോണിക്കെതിരെ മുൻ ഇന്ത്യൻ താരം കൂടിയായ യോഗ്‍രാജ് രൂക്ഷ വിമർശനമുയർത്തിയിട്ടുണ്ട്.

‘ധോണിയും കൊഹ്‌ലിയും മാത്രമല്ല ചില സെലക്‌ടർമാരും യുവിയെ ചതിക്കാൻ കൂട്ടുനിന്നു. അടുത്തിടെ രവിയെ ശാസ്ത്രിയെ കണ്ടപ്പോൾ എല്ലാ മികച്ച താരങ്ങൾക്കും നല്ലൊരു യാത്രയയപ്പ് നൽകാനുള്ള ചുമതല ഇന്ത്യൻ ടീമിനുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞു. ധോണിയും കൊഹ്‌ലിയും രോഹിത് ശർമയുമൊക്കെ വിരമിക്കുമ്പോൾ നല്ലൊരു യാത്രയയപ്പ് നൽകണമെന്നും ആവശ്യപ്പെട്ടു. കാരണം, ഇന്ത്യൻ ക്രിക്കറ്റിനായി വളരെയധികം സംഭാവനകൾ നൽകിയവരാണ് അവർ. യുവ്‌രാജിനെ ഒട്ടേറെപ്പേർ പിന്നിൽനിന്ന് കുത്തിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണ്’ – യോഗ്‌രാജ് പറഞ്ഞു.

യോഗ്യതയില്ലാത്തവരെ സെലക്ഷൻ കമ്മിറ്റി അംഗമാക്കിയെന്നു ചൂണ്ടിക്കാട്ടി ബി.സി.സി.ഐയെയും യോഗ്‍രാജ് വിമർശിച്ചു. ശരൺദീപ് സിങ്ങിനെതിരെയായിരുന്നു യോഗ്‍രാജിന്റെ ദേഷ്യം. ‘ ശരൺദീപ് എല്ലാ സെലക്ഷൻ കമ്മിറ്റി യോഗങ്ങളിലും യുവ്‌രാജിനെ ഒഴിവാക്കണമെന്ന് വാദിച്ചിരുന്ന വ്യക്തിയാണ്. ക്രിക്കറ്റിന്റെ എ ബി സി ഡി അറിയാത്ത ഇത്തരക്കാരെയാണോ സെലക്ടറാക്കുന്നത്? അവരിൽനിന്ന് ഇതിൽക്കൂടുതൽ എന്തു പ്രതീക്ഷിക്കാനാണ്? .’ – യോഗ്‌രാജ് പറഞ്ഞു.

2011ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ തിര‍ഞ്ഞെടുക്കുമ്പോൾ സുരേഷ് റെയ്ന ഉള്ളതിനാൽ യുവ് രാജിന്റെ ആവശ്യമില്ലെന്ന് സെലക്ടർമാരിൽ ഒരാൾ പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.