vaccine

ജറുസലേം: കൊവിഡ് 19 രോഗത്തിനെതിരെ വാക്സിൻ നിർമ്മാണത്തിൽ നിർണായക മുന്നേറ്റമുണ്ടായിട്ടുണ്ടെന്നും അത് അധികം താമസിയാതെ തന്നെ രാജ്യാന്തര മരുന്ന് കമ്പനികൾ വഴി വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കാൻ ആരംഭിക്കുമെന്നും ഇസ്രായേൽ. ഇസ്രായേൽ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്രയേലിയന്റെ പ്രധാന ജീവശാസ്ത്ര ഗവേഷണ സ്ഥാപനമായ ഐ.ഐ.ബി.ആർ ആണ് വാക്സിൻ നിർമാണത്തിന് പിന്നിലെന്നും ഈ വൻ നേട്ടത്തിൽ തനിക്ക് അഭിമാനമുണ്ടന്നും അദ്ദേഹം പറഞ്ഞു.

'ഇക്കാര്യത്തിൽ എനിക്ക് വളരെയേറെ അഭിമാനമുണ്ട്. ശാസ്ത്രജ്ഞരുടെ സർഗാത്മകതയും ജൂതന്റെ മനസുമാണ് ഈ നിർണായക വഴിത്തിരിവിന് കാരണമായത്.' ഇസ്രായേൽ പ്രതിരോധമന്ത്രി പറയുന്നു. എന്നാൽ കൊവിഡിനെതിരെയുള്ള വാക്സിൻ മനുഷ്യനിൽ പരീക്ഷിച്ചോ എന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ ഉത്തരം നൽകിയില്ല. എന്നാൽ ഐ.ഐ.ബി.ആർ ഇത് വാക്സിനുമായി ബന്ധപ്പെട്ട് ക്ലിനിക്കൽ ട്രയലുകൾ ആരംഭിച്ചുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.

കൊവിഡ് രോഗം ബാധിച്ച മനുഷ്യശരീരത്തിലെ രോഗാണുക്കളെ പുതിയ മരുന്ന് ആക്രമിച്ച് കീഴ്പ്പെടുത്തുമെന്നും അതിന്റെ ശേഷികളെ ഇല്ലായ്മ ചെയ്യുമെന്നും ഐ.ഐ.ബി.ആറിലെ ഗവേഷകർ അവകാശപ്പെടുന്നു. മാർച്ചിൽ നടത്തിയ, വൈറസിന്റെ സ്വഭാവത്തെ കുറിച്ച് മനസിലാക്കാനുള്ള പഠനത്തിൽ നിർണായക വിവരങ്ങൾ കണ്ടെത്താനായെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിരുന്നു. ചികിത്സയുടെ കാര്യത്തിലും, വാക്സിൻ നിർമാണത്തിലും കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ അന്ന് ഇസ്രായേൽ സർക്കാർ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.