muraleedharan

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് വിമർശവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ കാര്യമായൊന്നും ചെയ്യുന്നില്ല എന്നാണ് മുരളീധരന്റെ വിമർശം. 'പാസ് നൽകിയാൽ എല്ലാമായോ? അതിഥി തൊഴിലാളികൾക്കടക്കം മറ്റു സംസ്ഥാനങ്ങൾ പ്രത്യേക ട്രെയിനുകൾ ആവശ്യപ്പെട്ടപ്പോൾ മലയാളികളെ കൊണ്ടുവരാൻ കേരളം എന്തുചെയ്തു?' തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ ഉന്നയിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

'ശരിയായ സമയത്ത് ശരിയായ തീരുമാനമെടുക്കാൻ കഴിവുള്ള ഒരു ഭരണാധികാരിയാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇനിയും ഏറെ പഠിക്കേണ്ടിയിരിക്കുന്നു.
അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ സ്വന്തം നാട്ടിലേക്കെത്തിക്കാൻ പിണറായി സർക്കാർ!*! എന്താണ് ചെയ്തത്? പാസ് നൽകിയാൽ എല്ലാമായോ? അതിഥി തൊഴിലാളികൾക്കടക്കം മറ്റു സംസ്ഥാനങ്ങൾ പ്രത്യേക ട്രെയിനുകൾ ആവശ്യപ്പെട്ടപ്പോൾ മലയാളികളെ കൊണ്ടുവരാൻ കേരളം എന്തുചെയ്തു? ഇന്ന് പറയുന്നത് കേട്ടു, ശ്രമം തുടങ്ങിയെന്ന്... കഷ്ടം!!

ഇതരസംസ്ഥാനങ്ങളിലെ തൊഴിലിടങ്ങളിലടക്കം ശമ്പളം പോലുമില്ലാതെ കുടുങ്ങിക്കിടക്കുന്നവർ സ്വന്തം ചെലവിൽ മടങ്ങിവരട്ടെയെന്ന പിണറായി സർക്കാരിന്റെ നിലപാട് ജനവിരുദ്ധമാണ് എന്ന് പറയാതിരിക്കാനാകില്ല.
പ്രത്യേക ട്രെയിൻ എന്ന ആവശ്യമടക്കം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിക്കാത്തതെന്താണ്? അതിഥി തൊഴിലാളികളുടെ കാര്യത്തിൽ കാട്ടിയ ഉത്സാഹം മലയാളികളുടെ കാര്യത്തിൽ ഇല്ലാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് കേരളത്തിന് അയൽ സംസ്ഥാനങ്ങളിലേക്ക് ബസ് അയച്ച് അവിടെ കുടുങ്ങിയവരെ കൊണ്ടുവന്നു കൂടാ? പണമുള്ളവൻ സ്വന്തം ചെലവിൽ വരാൻ പാസ് കൊടുക്കുന്നത് എന്തോ വലിയ കേമത്തമാണെന്ന് ഇനിയും പറയരുതേ....
പതിവ് വാർത്താസമ്മേളന നാടകങ്ങൾക്കപ്പുറം ക്രിയാത്മകമായി പ്രവർത്തിക്കാൻ കൂടി മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന പിണറായി വിജയന് കഴിയണം. അല്ലെങ്കിൽ ഇരട്ടച്ചങ്കനെന്നല്ല ചതിയനെന്നാകും നാളത്തെ കേരളം പിണറായി വിജയനെ ഓർക്കുക.'