nri

ന്യൂഡൽഹി: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾ പാലിക്കേണ്ട മാർഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. 14 ദിവസത്തെ ക്വാറന്റൈൻ പാലിക്കണം. 14 ദിവസം കഴിഞ്ഞു കൊവിഡ് പരിശോധന നടത്തും. നെഗറ്റീവ് ആയാൽ ഇവർക്ക് വീട്ടിലേക്കു പോകാം. പിന്നീടുള്ള 14 ദിവസം വീട്ടിൽ സ്വയംനിരീക്ഷണത്തിൽ കഴിയണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ രേഖയിൽ പറയുന്നു.

യാത്ര പുറപ്പെടും മുൻപ് പ്രവാസികൾക്ക് തെർമൽ സ്‌ക്രീനിംഗ് മാത്രമായിരിക്കും നടത്തുക. കൊവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രം യാത്ര ചെയ്യാൻ അനുവദിക്കും. യാത്ര മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ബാധ്യത സ്വയം ഏറ്റെടുക്കുന്നുവെന്ന് എഴുതി നൽകണമെന്നും മാർഗ നിർദേശത്തിലുണ്ട്. ജോലി നഷ്ടമായ പ്രവാസികൾ, വിസ കാലാവധി കഴിഞ്ഞവർ, ചികിത്സ ആവശ്യമുള്ളവർ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്കായിരിക്കും യാത്രയിൽ മുൻഗണന. അർഹരായവരുടെ പട്ടിക എംബസികളും ഹൈക്കമ്മിഷൻ ഓഫിസുകളും തയാറാക്കിയിട്ടുണ്ട്. യാത്രാ ചെലവുകൾ യാത്രക്കാർ തന്നെ വഹിക്കേണ്ടിവരും.

എന്നാൽ പ്രവാസികൾക്ക് ഏഴു ദിവസം നിർബന്ധിത ക്വാറന്റൈൻ ആണ് കേരളത്തിന്റെ നിർദേശം. യാത്ര പുറപ്പെടും മുൻപ് കൊവിഡ് ടെസ്റ്റ് നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.