gulf-news

ദുബായ്: ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ വച്ച് ദ്രുത മെഡിക്കൽ പരിശോധന നടത്തുമെന്നും യാത്ര ചെയ്യാൻ അനുവദിക്കുക പരിശോധനയ്ക്ക് ശേഷം മാത്രമെന്നും തീരുമാനമെടുത്ത് യു.എ.ഇ. രാജ്യത്തെ ഇന്ത്യൻ എംബസ്സിയാണ് ഇത് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചത്. കൊവിഡ് പരിശോധനയും നടക്കുമെന്നും വിവരമുണ്ട്.

ദ്രുത ആന്റിബോഡി പരിശോധനയാകും പ്രധാനമായും വിമാനത്താവങ്ങളിൽ വച്ച് നടത്തുക. യു.എ.ഇ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട അധികൃതരാകും ഈ പരിശോധനകൾ നടത്തുക. പരിശോധന കഴിഞ്ഞ് അനുമതി ലഭിക്കുന്നവരെ മാത്രമേ വിമാനത്തിൽ കയറ്റുകയുള്ളൂ എന്നും സർക്കാർ അറിയിപ്പിൽ വ്യക്തമാക്കുന്നു.

വിമാനത്തിൽ കയറുന്ന സമയത്ത് ഒരു സാനിറ്റൈസറും രണ്ട് കൈയ്യുറകളും രണ്ട് ഫേസ് മാസ്കും യാത്രക്കാർക്ക് നൽകുമെന്നും അറിയിപ്പിലുണ്ട്. നിലവിൽ യു.എ.ഇ മാത്രമാണ് ഇത്തരത്തിൽ ഒരു പരിശോധന നടത്തുന്ന കാര്യം പരസ്യമാക്കിയിരിക്കുന്നത്.


മറ്റ് ഗൾഫ് രാജ്യങ്ങൾ സമാനമായ പരിശോധനകൾ നടത്തുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്രവാസികൾ ഇന്ത്യയിൽ എത്തിയ ശേഷം 14 ദിവസം സർക്കാർ സംവിധാനത്തിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ഇന്ത്യൻ എംബസി പുറത്തിറക്കിയ കുറിപ്പിൽ അവർത്തിക്കുന്നുണ്ട്. വ്യാഴാഴ്ച മുതലാണ് പ്രവാസികളുടെ മടക്കം ആരംഭിക്കുക.