sharjah-fire

ഷാർജ: ഷാർജയിലുളള അൽ നഹ്ദയിലെ ടവറിൽ വൻ തീപിടുത്തം. മലയാളികൾ ഉൾപ്പെടെയുള്ളവർ പാർക്കുന്ന 'ആബ്‌കോ' എന്ന് പേരുള്ള കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. ആളപായമുണ്ടായിട്ടില്ല എന്നാണു പ്രാഥമിക വിവരം. ഒൻപത് പേർക്ക് സാരമല്ലാത്ത പരിക്കുകളുണ്ടെന്നും ഇവർക്ക് കെട്ടിടപരിസരത്ത് വച്ചുതന്നെ ആവശ്യമായ ചികിത്സ ലഭിച്ചുവെന്നും ഷാർജ സിവിൾ ഡിഫൻസ് ഡയറക്ടർ ഖാമിസ് അൽ നഖ്‌ബി പറഞ്ഞതായി ഗൾഫ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

മിന, അൽ നഹ്ദ എന്നിവിടങ്ങളിലെ അഗ്നിശമന വിഭാഗങ്ങളിലെ സിവിൾ ഡിഫൻസ് ഉദ്യോഗസ്ഥരാണ് തീയണയ്ക്കാനായി കെട്ടിടത്തിലേക്ക് എത്തിയത്. കെട്ടിടത്തിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോയെന്ന് ഡ്രോണുകൾ ഉപയോഗിച്ച് ദുബായ് പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

കെട്ടിടത്തിന്റെ പത്താം നിലയിൽ ചൊവാഴ്ച രാത്രി 9.04നാണ് തീപിടുത്തമുണ്ടായതെന്ന വിവരമാണ് ലഭിക്കുന്നത്. തീപിടുത്തത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. കെട്ടിടത്തിൽ തീ ആളിപടർന്നതിനെ തുടർന്ന് തൊട്ടടുത്ത കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. 2006ൽ നിർമിച്ച ടവറിൽ ആകെ 45 നിലകളാണുള്ളത്. ഇതിൽ 36 നിലകളിൽ ആൾതാമസമുണ്ട്. ഓരോ നിലയിലും 12 ഫ്ളാറ്റുകളാണ് ഉള്ളത്.