ഉന്മേഷവും സുഗന്ധവും പകരുന്ന ലുഷായി മലനിരകളിൽനിന്നു വരുന്ന ശുദ്ധവായു ശ്വസിക്കുമ്പോൾ പി. എസ്. ശ്രീധരൻ പിള്ളയിലെ കവി ഒരു കാന്തിക ശക്തിയാലെന്നോണം എഴുതിപ്പോകുന്നു. 'ഓ... മിസോറാം." ഇംഗ്ളീഷിലാണ് കവിത.
മിസോറാം ഗവർണറായി ചുമതലയേറ്റ ശ്രീധരൻപിള്ളയിലെ എഴുത്തുകാരന് എങ്ങനെ വെറുതെയിരിക്കാനാവും? പ്രകൃതിയുടെ ഉപാസകനായ അദ്ദേഹത്തെ മിസോറാമിലെ കാലാവസ്ഥ വെറുതെ വിടുമോ? അവിടെയെത്തി ആദ്യം പൂർത്തിയാക്കിയ കവിതയ്ക്ക് പേരിട്ടത് 'ഓ...മിസോറാം" (oh Mizoram). കാടും മലയും വെള്ളച്ചാട്ടവുമൊക്കെയുള്ള ആ നാടാണ് ഈ കവിതയ്ക്ക് ആധാരം. മിസോറാമിലെ ഭൂപ്രകൃതിയും കാലാവസ്ഥയും ആസ്വദിച്ചാണ് ഈ കവിതയെഴുതിയെന്ന് ടെലഫോണിൽ നൽകിയ അഭിമുഖത്തിൽ ശ്രീധരൻപിള്ള കേരളകൗമുദിയോട് പറഞ്ഞു. 'ഓ മിസോറാം" എന്ന് പേരിട്ട കവിതാ സമാഹാരത്തിൽ അതടക്കം 36 കവിതകളാണുള്ളത്. പ്രശസ്ത സാഹിത്യകാരനായ സി. രാധാകൃഷ്ണനാണ് അവതാരിക എഴുതിയത്. ആവിഷ്കാരത്തിന്റെ സ്പഷ്ടതയും ഭാവനയുടെ പകിട്ടും നിറഞ്ഞ കവിതകൾ അവതരിപ്പിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് സി.രാധാകൃഷ്ണൻ അവതാരികയിൽ എഴുതുന്നു.
മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനവും തിരക്കേറിയ അഭിഭാഷകവൃത്തിയും ഒരുമിച്ചു കൊണ്ടുപോകുമ്പോഴും ശ്രീധരൻപിള്ള തന്റെ എഴുത്തിനെ കൈവിട്ടിരുന്നില്ല. ആ കാലവും ഇന്നത്തെ കാലവും തമ്മിലൊരു വ്യത്യാസമുണ്ട്. ഇപ്പോൾ മിസോറാമിന്റെ തലസ്ഥാനമായ ഐസ് വാളിലെ രാജ്ഭവനിൽ ലഭിക്കുന്ന ശാന്തമായ അന്തരീക്ഷം അദ്ദേഹത്തിന്റെ സർഗഭാവനയെ തെല്ലൊന്നുമല്ല പ്രോത്സാഹിപ്പിക്കുന്നത്. 2019 നവംബർ അഞ്ചിനാണ് പി.എസ്.ശ്രീധരൻ പിള്ള മിസോറാം ഗവർണറായി ചുമതലയേൽക്കുന്നത്. ബി.ജെ.പി കേരള ഘടകത്തിന്റെ പ്രസിഡന്റായിരിക്കെയാണ് ഗവർണറായി നിയമനം ലഭിച്ചത്.
ലോക്ക് ഡൗണിൽ 12 പുസ്തകങ്ങൾ
കൊവിഡ് കാലത്തെ ലോക്ക് ഡൗൺ ഏറ്റവും ക്രിയാത്മകമായി വിനിയോഗിക്കാൻ ശ്രീധരൻ പിള്ള ശ്രമിച്ചു. ഈ കാലയളവിൽ കവിതകളടക്കം 12 പുസ്തകങ്ങളാണ് അദ്ദേഹം എഴുതിയത്. അതിൽ നാലെണ്ണം അച്ചടിക്കു തയ്യാറായി. രണ്ടെണ്ണം വീതം ഇംഗ്ളീഷിലും മലയാളത്തിലും. ഓ മിസോറാമിനു പുറമെ ഗവർണർ എന്ന നിലയിൽ അവിടെ പൊതുപരിപാടികളിൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ഇംഗ്ളീഷിൽ ഇറങ്ങുന്ന മറ്റൊരു പുസ്തകം. ഈ വർഷം ജനുവരി 26 ന് റിപ്പബ്ളിക് ദിനത്തിൽ ഗവർണർ എന്ന നിലയിൽ നടത്തിയ പ്രസംഗം രാജ്ഭവൻ പ്രസിദ്ധീകരണ വിഭാഗം വേറെ പ്രസിദ്ധീകരിക്കുന്നുമുണ്ട്. അതിനൊരു പ്രത്യേക കാരണമുണ്ട്. മിസോറാമും റിപ്പബ്ളിക് ദിനവും.
കഴിഞ്ഞ വർഷം മിസോറാമിൽ റിപ്പബ്ളിക് ദിനം ആചരിക്കാനായിരുന്നില്ല. പൗരത്വ ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്ക് വിട്ടപ്പോൾ വലിയ പ്രതിഷേധം നടന്ന സ്ഥലമാണ് മിസോറാം. റിപ്പബ്ളിക്ക് ദിനം മിസോറാം ജനത ബഹിഷ്ക്കരിച്ചിരുന്നു. റിപ്പബ്ളിക് ദിനാഘോഷം നടന്ന റൈഫിൾസ് ഗ്രൗണ്ടിന് പുറത്ത് വൻ പ്രകടനവും നടന്നു.'ഹലോ ചൈന ബൈ ബൈ ഇന്ത്യ" എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ആ വഴിയിൽ നിന്ന് മിസോറാം ജനതയെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാൻ ശ്രീധരൻപിള്ളയുടെ നയതന്ത്ര പാടവത്തിലൂടെ കഴിഞ്ഞു. പ്രാദേശിക പാർട്ടിയായ എം.എൻ.എഫ് ആണിവിടെ ഭരണകക്ഷി. 95 ശതമാനത്തോളം ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണ്. ഇവിടെ ഇപ്പോൾ പൗരത്വവിരുദ്ധ പ്രക്ഷോഭങ്ങളില്ല. ഇവിടെ നിന്നുള്ള എം.പി പാർലമെന്റിൽ പൗരത്വബില്ലിനെ അനുകൂലിക്കുകയും ചെയ്തു.
ലോക്ക് ഡൗൺ
ലോക്ക് ഡൗണിൽ എഴുതിയ മലയാള കവിതാ സമാഹാരത്തിന് " ലോക്ക് ഡൗൺ " എന്നു തന്നെ പേരിട്ടു. മറ്റൊന്ന് ദക്ഷിണേന്ത്യയിലെ പത്തുക്ഷേത്രങ്ങളെക്കുറിച്ചുള്ള പഠനാർഹമായ പുസ്തകമാണ്. തനിക്കേറ്റവും പ്രിയപ്പെട്ട തന്റെ രചനകളിലൊന്നാണിതെന്ന് ശ്രീധരൻ പിള്ള പറയുന്നു. ഭരണഘടന, നിയമവീഥികൾ, സിറ്റിസൺഷിപ്പ്, നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രഭാഷണങ്ങൾ എന്നിവ യെക്കുറിച്ചുമൊക്കെയുള്ള രചനകൾ ഇതിൽ ഉൾപ്പെടുന്നു.നിയമവീഥിയിലെ സ്ത്രീ രത്നങ്ങളെക്കുറിച്ചും,നിയമരംഗത്ത് സജീവമായി പ്രവർത്തിച്ചപ്പോൾ കേട്ട ഫലിതങ്ങളെക്കുറിച്ചും പുസ്തകം വരുന്നുണ്ട്. വായനക്കാരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പുസ്തകത്തിന് നിയമനർമ്മങ്ങൾ എന്നാണ് പേരിട്ടിരിക്കുന്നത്. കേരളത്തിൽ ആയിരുന്നപ്പോൾ തിരക്കോട് തിരക്കായിരുന്നെങ്കിലും ആ കാലയളവിലും വിവിധ സമയങ്ങളിലായി 110 പുസ്തകങ്ങളാണ് ശ്രീധരൻപിള്ളയുടേതായി പ്രസിദ്ധീകൃതമായത്. പ്രശാന്തസുന്ദരമായ രാജ്ഭവനിലിരുന്ന് ഭരണപരമായ ഫയലുകൾ നോക്കിക്കഴിഞ്ഞാൽ ബാക്കി സമയം എഴുത്തും വായനയുമാണ്. ഇപ്പോൾ എഴുത്തിൽ നല്ല സംതൃപ്തിയും ശക്തിയും കിട്ടുന്നുവെന്നാണ് ശ്രീധരൻപിള്ളയുടെ പക്ഷം. മൂന്നു മാസത്തിനിടയിൽ 12 പുസ്തകങ്ങളാണ് ആശയസമ്പുഷ്ടത നേടിയത്.
നേരത്തെ അടച്ചു
ബർമ്മാ -ബംഗാളാദേശ് അതിർത്തി പങ്കിടുന്ന സംസ്ഥാനമെന്ന നിലയിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ മിസോറാം അതിർത്തികൾ അടച്ചു. എല്ലാ ജില്ലകളിലും ഗവർണർ സന്ദർശനം നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ രണ്ട് ജില്ലകൾ കഴിഞ്ഞപ്പോൾ അത് വെട്ടിച്ചുരുക്കി. ഗവർണറായി ചുമതലയേറ്റ് രണ്ടാം മാസം ഏറ്റവും പിന്നാക്ക ജില്ലയായ മാറയിൽ സന്ദർശനം നടത്തുകയും ഒരു ദിവസം അവിടെ താമസിക്കുകയും ചെയ്തു. സംസ്ഥാന ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു നടപടി. സംസ്ഥാനത്തെ മൂന്ന് ജില്ലകൾ ഗവർണറുടെ നേരിട്ടുള്ള ഭരണത്തിലാണ്. സന്ദർശന വേളയിൽ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ, മതനേതാക്കൾ, എൻ.ജി.ഒകളിലെ ഉത്തരവാദിത്തപ്പെട്ടവർ, സിവിൽ സർവ്വീസിലെയും പൊലീസിലെയും ഉദ്യാഗസ്ഥർ എന്നിവരുമായി ആശയവിനിമയം നടത്തുകയും അതിലൂടെ ഉയർന്നുവരുന്ന വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയുമാണ് ചെയ്യുക.
കേരളകൗമുദിയും
പി.എസ്.വെണ്മണിയും
പി. എസ്. വെണ്മണി എന്ന തൂലികാ നാമത്തിൽ കവിതയെഴുതി വന്ന ശ്രീധരൻപിള്ളയെ വായനക്കാരുടെ മുന്നിൽ തുറന്നവതരിപ്പിച്ചത് കേരളകൗമുദിയായിരുന്നു. എം. ടി.വാസുദേവൻനായരുടെ അവതാരികയിൽ 'കാലദാനം" എന്ന കവിതാസമാഹാരം പുറത്തുവന്നപ്പോഴായിരുന്നു അത്. " ഒരു കവി മൂടുപടം നീക്കി പുറത്തുവരുന്നു" എന്നായിരുന്നു കേരളകൗമുദിയിൽ വന്ന വാർത്തയുടെ തലക്കെട്ടെന്ന് ശ്രീധരൻപിള്ള ഇപ്പോഴും ഓർമ്മിക്കുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ആദ്യം പ്രവർത്തിച്ച (2003-2006) കാലയളവിലായിരുന്നു അത്. വെണ്മണിയാണ് ശ്രീധരൻപിള്ളയുടെ സ്വദേശം.
കൊവിഡ് കാലത്ത് മിസോറാമിൽ സൊറാം മെഡിക്കൽ കോളേജിൽ കൊവിഡ് വാർഡ് തുടങ്ങാൻ ഗവർണർ എന്ന നിലയിൽ മുൻകൈയ്യെടുത്ത അദ്ദേഹം അഭ്യുദയകാംക്ഷികളിൽ നിന്നടക്കം സ്വരൂപിച്ച പത്തു ലക്ഷം രൂപ മിസോറാം സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുലക്ഷം രൂപയും നൽകിയിരുന്നു. കൊഹിമയിൽ മരണമടഞ്ഞ ഗ്രെഫിലെ സാധാരണ ജീവനക്കാരനെ തന്റെ സ്വാധീനം ഉപയോഗിച്ച് നാഗലാൻഡ് ഗവർണറുടെ സഹായത്താൽ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കാൻ ശ്രീധരൻപിള്ള മുൻകൈയെടുത്തു. ഗവർണർ എന്ന നിലയിൽ തനിക്കു കഴിയുന്ന ക്ഷേമപ്രവർത്തനങ്ങളും സഹായ പ്രവർത്തനങ്ങളും അദ്ദേഹം നടത്തിവരുന്നു.
ലുഷായി മലനിരകളും മിസോറാമിലെ കാറ്റും പ്രകൃതിയൊരുക്കുന്ന വർണാരാമങ്ങളും ശ്രീധരൻപിള്ളയിലെ എഴുത്തുകാരനെ വീണ്ടും വീണ്ടും പ്രചോദിപ്പിക്കുകയാണ്. വായനക്കാർക്കായി രാജ്ഭവന്റെ വാതിൽതുറന്ന് ഇനിയും രചനകൾ വരാനിരിക്കുന്നുണ്ട്.