ഇന്ത്യൻ സിനിമയിൽ ഇത് നഷ്ടങ്ങളുടെ കാലമാണ്. ഇർഫാൻ ഖാന് പിന്നാലെ ഋഷി കപൂറിന്റെയും അപ്രതീക്ഷിത വിടവാങ്ങൽ സിനിമ ലോകത്തെ ഞെട്ടിച്ചു. അഭിനയഭാവങ്ങളിൽ ബോളിവുഡിനെ വിസ്മയിപ്പിച്ച ഇതിഹാസ നടനാണ് ഇർഫാൻ ഖാനെങ്കിൽ കാലഘട്ടങ്ങളെ കോരിത്തരിപ്പിച്ച പ്രണയസിനിമകളിലെ താരമായിരുന്നു ഋഷി കപൂർ. 70 കളിലേയും 80 കളിലേയും ചോക്ലേറ്റ് പ്രണയനായകന്മാരുടെ അവസാനവാക്കായിരുന്നു ഋഷി കപൂർ , അനായാസ അഭിനയത്തിലൂടെ അങ്ങ് പടിഞ്ഞാറൻ സിനിമകളിൽ വരെ വെന്നിക്കൊടി പാറിച്ചു ഇർഫാൻ ഖാൻ. 2013 ൽ ഇറങ്ങിയ ഡി -ഡേയിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിരുന്നു. കാൻസറാണ് ഇരുവരുടെയു ജീവിതത്തിൽ വില്ലനായി എത്തിയത്. 2018 ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. അതേ വർഷം തന്നെയാണ് ഋഷി കപൂറിനും കാൻസർ സ്ഥിരീകരിക്കുന്നതും.
ബോളിവുഡിന്റെ 'ബോബി" ഇനിയില്ല
'ബോബി" ഹിന്ദി സിനിമയിൽ വഴിത്തിരവായി മാറിയ ചിത്രമായിരുന്നു.ഇന്ത്യൻ സിനിമ കണ്ട ഷോമാൻമാരിൽ പ്രമുഖനായിരുന്ന രാജ് കപൂർ സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയായിരുന്നു മകൻ ഋഷികപൂറിന്റെ നായകനായുള്ള അരങ്ങേറ്റം. രാജ് കപൂറിന്റെ മകന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബോളിവുഡ് സിനിമയുടെ പ്രണയമുഖമായി ഋഷി കപൂർ മാറി.ബാലതാരമായാണ് ഋഷി കപൂർ സിനിമാലോകത്ത് ചുവടുവച്ചത്. 1970 ൽ 'മേരാ നാം ജോക്കറി"ലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരവും കരസ്ഥമാക്കി. 'ഹം തും ഏക് കമരെ മേം ബന്ദ് ഹോ " എന്ന ഗാനം ആസ്വാദകരുടെ ചുണ്ടിൽ വിരിയുമ്പോൾ ഡിംപിൾ കപാഡിയക്കൊപ്പം ഋഷി കപൂറിന്റെ സുന്ദരമായ മുഖം ഇപ്പോഴും തെളിയും. ബോബി എന്ന ചിത്രം ഇന്ത്യയ്ക്കകത്തും പുറത്തും ബോക് സ് ഓഫീസിനെ ഇളക്കിമറിച്ചിരുന്നു.പിന്നിടങ്ങോട്ട് 92 സിനിമകളിൽ ഋഷി കപൂർ മാജിക് വാരിവിതറി. എല്ലാം സൂപ്പർ ഹിറ്റുകളായില്ലെങ്കിലും ഋഷി തന്റെ ഇരിപ്പിടം ഉറപ്പിച്ചു. ലൈല മജ്നു, സർഗം, കർസ്, പ്രേം രോഗ്, നാഗിന, ഹണി മൂൺ, ഹീന, ബോൽ രാധാ ബോൽ, യേ വാദാ രഹാ തു എന്നിവയാണ് ശ്രദ്ധേയ സിനിമകൾ. ഋഷികപൂർ സിനിമകളിലെ ഗാനങ്ങളും സൂപ്പർഹിറ്റുകളായി. അസൂയപ്പെടുത്തുന്ന സൗന്ദര്യം, യുവാക്കൾ കൊതിക്കുന്ന ചുറുചുറുക്ക്. ഈ നടനെ നോക്കി ആൺ പെൺകൂട്ടങ്ങൾ കാത്തുനിന്നു. മികച്ച ഗാനങ്ങൾ സിനിമയിൽ അവതരിപ്പിക്കാനായി എന്നത് ഋഷികപൂറിന്റെ വലിയ നേട്ടമായിരുന്നു. വസ്ത്രധാരണവും നടത്തവും സ്റ്റൈലുമെല്ലാം കോളേജുകളിൽ തരംഗമായി. 2004നു ശേഷം ഋഷികപൂറിന്റെ രണ്ടാം വരവ് അഭിനയസാദ്ധ്യതയേറിയ വേഷങ്ങളിലൂടെയായിരുന്നു. കപൂർ ആൻഡ് സൺസ്, 102 നോട്ടൗട്ട്, ഹംതും, ഫണ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചു. ഈ കാലയളവിലാണ് തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ ലഭിച്ചതെന്ന് ഋഷി കപൂർ തുറന്നു പറഞ്ഞിട്ടുണ്ട്. ബോബിയിൽ കോളേജ് കുമാരനായി തുടങ്ങിയ താൻ അത്തരത്തിൽ അനവധി വേഷങ്ങൾ പിന്നീട് അവതരിപ്പിച്ചു.എന്നാൽ ജീവിതത്തിൽ ഒരിക്കലും കോളേജിൽ പോകാൻ അവസരം ലഭിച്ചിരുന്നില്ലെന്നും ഖുല്ലം ഖുല്ല എന്ന ആത്മകഥയിൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്.ബോളിവുഡ് സിനിമയുടെ കുലപതി പൃഥ്വിരാജ് കപൂറിന്റെ ചെറുമകനും കൂടിയാണ് ഋഷി കപൂർ. രൺധീർ കപൂർ രാജീവ് കപൂർ, റിതു നന്ദ, റീമ കപൂർ എന്നിവരാണ് സഹോദരങ്ങൾ. യുവതാരങ്ങളിൽ ശ്രദ്ധേയനായ രൺബീർ കപൂറും റിദ്ധിമ കപൂറുമാണ് മക്കള്. 1999ൽ ആ അബ് ലൗത് ചലേ എന്ന ചിത്രം സംവിധാനം ചെയ്തു. പതിനഞ്ചോളം സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച നായിക നീതു സിംഗാണ് ഋഷി കപൂറിന്റെ ജീവിതസഖിയായത്.
ദി റിയൽ 'ഹീറോ"
ഇന്ത്യൻ സിനിമയിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ രാജ്യാന്തര ശ്രദ്ധയിലെത്തിയ മഹാനടനാണ് ഇർഫാൻ ഖാൻ. താരാധിപത്യം നിലനിൽക്കുമ്പോഴാണ് സ്വാഭാവികഅഭിനയ മികവുകൊണ്ട് ഇർഫാന്റെ ബോളിവുഡ് അരങ്ങേറ്റം. അന്ന് നിലനിന്നിരുന്ന താരങ്ങളോട് കിടപിടിക്കാൻ ഇർഫാന് അഭിനയ മികവ് മാത്രമേ വേണ്ടിവന്നുള്ളൂ. വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളെ കൊണ്ട് പ്രേക്ഷകമനസ് കീഴ്പ്പെടുത്തി.
അമേസിംഗ് സ്പൈഡർമാൻ, ലൈഫ് ഒഫ് പൈ, ജുറാസിക് വേൾഡ് എന്നീ ഹോളിവുഡ് സിനിമകളിൽ പ്രധാന വേഷങ്ങളിലെത്തി. ഓസ്കർ പുരസ്കാരം നേടിയ സ്ലം ഡോഗ് മില്യണയറിലും ശ്രദ്ധേയ വേഷം. തിഗ്മാൻഷൂ ധൂലിയ സംവിധാനം ചെയ്ത 'പാൻസിംഗ് തോമർ" സിനിമയിലെ പ്രകടനത്തിന് ദേശീയ പുരസ്കാരം. അഭിനയിച്ച സിനിമകളിലെല്ലാം കൈയൊപ്പ് പതിപ്പിച്ചു ഈ നടൻ. പത്മശ്രീയും സ്വന്തം നാടിന്റെ അംബാസിഡർ സ്ഥാനവും സ്വന്തമാക്കി. ഇർഫാൻ ഖാൻ കഥാപാത്രങ്ങൾ പ്രേക്ഷകമനസിൽ എന്നും ജീവിക്കും. ലഞ്ച് ബോക്സിലെ സാജൻ ഫെർണാണ്ടസിനെ ആർക്കാണ് മറക്കാൻ കഴിയുക.
നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ ഇർഫാന്റെ സഹപാഠിയായിരുന്നു സുദപ സിക്തർ. അവിടെ വച്ചാണ് സുദപയുമായി ഇർഫാൻ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. പ്രതിസന്ധിയിലും ജീവിതത്തെ സന്തോഷത്തോടെയാണ് സുദപയും ഇർഫാനും സമീപിച്ചത്. അതു തന്നെയാണ് അവരുടെ ദാമ്പത്യത്തിന്റെ വിജയവും.'' ഞാൻ തോറ്റിട്ടില്ല എല്ലാ വിധത്തിലും ഞാൻ നേടി"" ഇർഫാന്റെ വിയോഗത്തിൽ സുദപാ സിക്തർ ഇങ്ങനെ കുറിച്ചു. സാധാരണക്കാരൻ അസാധാരണമായ അഭിനയമികവിലൂടെ നേടിയ വിജയം എങ്ങനെയാണ് വിസ്മരിക്കപ്പെടുക.
ഇന്ത്യൻസിനിമാലോകത്ത് നല്ല അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച രണ്ടു നടൻമാരാണ് ഇർഫാൻ ഖാനും ഋഷി കപൂറും. രണ്ടു വഴികളിലൂടെ അവർ വന്നു.രണ്ട് കാലങ്ങളിലൂടെ സഞ്ചരിച്ചു. ഒരേ കാലത്ത് വിടപറഞ്ഞു.