ന്യൂഡൽഹി:- രാജ്യത്ത് ബിസിനസും സമ്പദ് വ്യവസ്ഥയും പുനരാരംഭിക്കണം. വിപണി സജീവമാകണം. പക്ഷെ കൊവിഡ് വ്യാപനം ഭയന്ന് പുറത്തിറങ്ങാനുമാകില്ല. കൊവിഡ് രോഗം ബാധിച്ച വിവിധ രാജ്യങ്ങളിലായി നടത്തിയ ഒരു ഓൺലൈൻ സർവ്വേയിൽ നമ്മൾ ഇന്ത്യക്കാരുടെ രസകരമായ പ്രതികരണം ഇങ്ങനെയാണ്.
കൊവിഡ് ഭീതി നിലനിൽക്കുമ്പോഴും 51 ശതമാനം ജനങ്ങൾ രാജ്യത്തെ വിപണിയും സമ്പദ് വ്യവസ്ഥയും പഴയതുപോലെയാകണം എന്ന് കരുതുന്നു. പക്ഷെ മഹാഭൂരിപക്ഷം പേർ ഏകദേശം 78 ശതമാനം പേർ ജോലിയോ യാത്രയോ ചെയ്യാതെ വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെടുന്നു.
ഏപ്രിൽ 16നും 19നുമിടയിൽ നടത്തിയ ആഗോള സർവ്വേയിൽ 28000പേരാണ് പങ്കെടുത്തത്. പതിനാല് രാജ്യങ്ങളിൽ എട്ടെണ്ണത്തിലെ ജനങ്ങൾ രോഗം പൂർണ്ണമായും നിയന്ത്രണവിധേയമായ ശേഷം രാജ്യത്ത് ബിസിനസും വിപണിയും സജീവമായാൽ മതിയെന്ന് കരുതുന്നുണ്ട്. യു.കെ, കാനഡ, മെക്സിക്കോ,സ്പെയിൻ,ആസ്ട്രേലിയ,യു.എസ്.എ മുതലായവ ഇതിൽ പെടും.
ഇന്ത്യ, റഷ്യ,ചൈന, ഇറ്റലി,ജർമ്മനി എന്നീ രാജ്യങ്ങൾക്ക് കൊവിഡ് ഭീതിയൊഴിയും മുൻപ് വിപണി സജീവമാകണം. കൊറോണ വൈറസിനെ ഇല്ലാതാക്കിയ ശേഷം വിപണി പ്രവർത്തനം തുടങ്ങാൻ കഴിയുമോ എന്ന കാര്യത്തിലും ഇന്ത്യക്കാർക്ക് സർവ്വേയിൽ അഭിപ്രായത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല.
ലോകത്ത് ഏറ്റവുമധികം കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ് 72023 പേർ ഇവിടെ മരിച്ചു. ഇന്ത്യയിൽ ഇത് 1694 ആണ്. രോഗം ബാധിച്ചവർ 50000നോട് അടുക്കുകയുമാണ്.