ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണം 49000 കടന്നതോടെ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് രാജ്യം. ഏറ്രവുമധികം രോഗികളുള്ള മഹാരാഷ്ട്രയിൽ 15525 ആയി എണ്ണം ഉയർന്നതോടെ സ്വകാര്യ ഡോക്ടർമാരുടെ സഹായം തേടിയിരിക്കുകയാണ് സർക്കാർ. ലോക്ഡൗൺ കാരണം ക്ളിനിക്കുകൾ തുറക്കാനാകാത്ത 55 വയസ്സിൽ താഴെയുള്ള രോഗങ്ങളില്ലാത്ത സ്വകാര്യ ഡോക്ടർമാരോടാണ് കൊവിഡ് പോരാട്ടത്തിൽ അണിചേരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവർക്ക് വേണ്ട സുരക്ഷാ ഉപകരണങ്ങളും സംവിധാനങ്ങളും നൽകുമെന്ന് മുംബയ് മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ വിഭാഗം ഡയറക്ടർ അറിയിച്ചു.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ രോഗികളുടെ എണ്ണം 5104ആയി.ചൊവ്വാഴ്ച മാത്രം 206പേർക്ക് രോഗം സ്ഥിരീകരിച്ചു. നോയിഡയിലും ഗ്രേറ്റർ നോയിഡയിലും റോഡിൽ മുറുക്കി തുപ്പുന്നത് നിരോധിച്ചു. ആദ്യ തവണ പിടിക്കപ്പെട്ടാൽ 500രൂപയാണ് പിഴ. രണ്ടാമത് 1000രൂപയും. ആകെ 3193പേർക്ക് രോഗം ബാധിച്ച രാജസ്ഥാനിൽ 35 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവിടെ ഇതുവരെ 90പേർ മരിച്ചു. കൊവിഡ് കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് പരാതി ഉയർന്നിരുന്ന പശ്ചിമ ബംഗാളിൽ ഡൻകുനി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ മേൽ അണുനാശിനി തളിച്ചതായി പരാതിയുണ്ടായി. അജ്മീറിൽ നിന്ന് ഇവിടെയെത്തിയ പ്രത്യേക ട്രെയിനിലെ യാത്രക്കാർക്ക് നേരെയാണ് അണുനാശിനി പ്രയോഗം.
കൊവിഡ് ലോക്ഡൗൺ ഇളവുകൾ വന്നതോടെ പല സംസ്ഥാനങ്ങളും മദ്യഷോപ്പുകൾ തുറക്കാൻ ആരംഭിച്ചിട്ടുണ്ട്. ഗുർഗാവിൽ രാവിലെ 7 മുതൽ രാത്രി 7 വരെ മദ്യശാലകൾ തുറക്കാം എന്ന് ഉത്തരവായതോടെ വൻ ക്യൂവാണ് ഇവിടങ്ങളിലുള്ളത്. തിരക്ക് വർദ്ധിച്ചതോടെ തമിഴ്നാട്ടിൽ മദ്യത്തിന് വിലകൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ് 10 മുതൽ 20 വരെ വില കൂടാനാണ് സാധ്യത.
ഈ സമയം സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച കോൺഗ്രസ് പാർട്ടി കേന്ദ്രത്തിന്റെ ലോക്‌ഡൗണിനു ശേഷമുള്ള പദ്ധതികൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. പാർട്ടി പ്രസിഡന്റ് സോണിയാഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങുമാണ് ഈ ആവശ്യമുന്നയിച്ചത്.