vijay-rupani

അഹമ്മദാബാദ്: കൊവിഡ് രോഗ വ്യാപനത്തിലും കുടിയേറ്റ തൊഴിലാളി പ്രശ്നത്തിലും വിജയ് രൂപാണി സർക്കാരിന്റെ പ്രവർത്തനം വേണ്ടത്ര ഫലം കാണാത്ത സാഹചര്യത്തിൽ കേന്ദ്ര സർക്കാരും ബിജെപി കേന്ദ്ര നേതൃത്വവും വിഷയത്തിൽ ഇടപെട്ടു. മുഖ്യമന്ത്രിയോട് അനുഭാവമുള്ള ചില ഉദ്യോഗസ്ഥരെ ചുമതലകളിൽ നിന്നും മാറ്റി പകരം അനുഭവജ്ഞാനമുള്ള മുതിർന്ന ഉദ്യോഗസ്ഥരെ നിയമിച്ചു.

മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ജലി രൂപാണിയോട് അനുഭാവമുള്ള ഉദ്യോഗസ്ഥരായിരുന്നു ഇതുവരെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് എന്നാണ് സർക്കാരിനെതിരെ ഉയർന്ന പ്രധാന വിമർശനം. ഇവർ മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെ വകവയ്ക്കാതിരുന്നത് പ്രശ്നങ്ങൾക്ക് കാരണമായിരുന്നു. ഇവർ കാരണം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റും ഉദ്യോഗസ്ഥ തലത്തിൽ സഹകരണമുണ്ടായിരുന്നില്ല. ഇങ്ങനെ പ്രവർത്തിച്ചിരുന്ന പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവിയെയും അഹമ്മദാബാദ് മുൻസിപ്പൽ കമ്മീഷണർ വിജയ് നെഹ്രയെയും കേന്ദ്ര ഇടപെടലിനെ തുടർന്ന് സ്ഥാനത്ത് നിന്നും നീക്കി.

അഡീഷണൽ ചീഫ് സെക്രട്ടറിയായ പങ്കജ് കുമാറിന് കൊവിഡ് നിയന്ത്രണത്തിന് നയരൂപീകരണത്തിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനുള്ള ചുമതലകൾ നൽകി. കുടിയേറ്റ തൊഴിലാളി പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട സൂററ്റ് കളക്ടർ ഡോ.ധവാൽ പട്ടേലിനെയും മാറ്റാൻ തീരുമാനമായിട്ടുണ്ട്. രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് കെ. കൈലാസനാഥനോടും ചീഫ് സെക്രട്ടറി അനിൽ മുകിമിനോടുമാണ് ഉദ്യോഗസ്ഥ തലത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്.