നല്ല നീർവാർച്ചയും സൂര്യപ്രകാശവും ലഭിക്കുന്ന ഏതു സ്ഥലത്തും കാപ്സിക്കം കൃഷി ചെയ്യാം. സാധാരണ മുളക് വളരുന്ന കാലാവസ്ഥ കാപ്സിക്കത്തിനും അനുയോജ്യമാണ്. പാശ്ചാത്യ നാടുകളിൽ നിന്നെത്തി നമ്മളെ കീഴടക്കിയ പച്ചമുളകിന്റെ കുടുംബക്കാരിയാണ് കാപ്സിക്കം. ബെൽ പെപ്പർ, സ്വീറ്റ് പെപ്പർ, ഗ്രീൻ പെപ്പർ എന്നീ പേരുകളിലാണ് കാപ്സിക്കം അറിയപ്പെടുന്നത്. മഞ്ഞ, ചുവപ്പ്, പച്ച നിറങ്ങളിലാണ് സാധാരണയായി കാപ്സിക്കം കണ്ടുവരുന്നത്. പോഷകങ്ങൾ നിരവധി അടങ്ങിയിട്ടുള്ള കാപ്സിക്കം അസുഖങ്ങൾക്കെതിരെയുള്ള ഒരു പ്രധാന പ്രതിരോധ മരുന്ന് കൂടിയാണ്.
കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് :
ഒരു ശീതകാല പച്ചക്കറിയിനമായ കാപ്സിക്കം കേരളത്തിലെ സമതല പ്രദേശങ്ങളിലും നന്നായി വിളയും. കാബേജ്, കോളിഫ്ലവർ എന്നീ ശീതകാല വിളകളെ പോലെ സെപ്തംബർ - ഒക്ടോബർ മാസങ്ങളിലാണ് വിത്ത് വിതയ്ക്കുന്നത്. വഴുതന കൃഷിയോട് സാമ്യമുണ്ട് കാപ്സിക്കം കൃഷിക്ക്. ഒരു കാപ്സിക്കം ചെടിയിൽ നിന്നും നാലു മാസത്തോളം മികച്ച വിളവ് ലഭിക്കും.
തറയിൽ കൃഷിയൊരുക്കുന്നവർ ആദ്യം മണ്ണ് നന്നായി കിളച്ചൊരുക്കുക. എന്നിട്ട് 45 സെന്റീമീറ്റർ (ഒന്നരയടി) അകലത്തിൽ ചാലുകൾ എടുത്ത് അതിലേക്ക് ഉണക്കിപ്പൊടിച്ച ചാണകപ്പൊടി അല്ലെങ്കിൽ കലർപ്പില്ലാത്ത കോഴിവളം ഇട്ടു കൊടുക്കുക. അതിനുശേഷം ഫൈറ്റൊലാൻ നാലു ഗ്രാം അല്ലെങ്കിൽ സ്യൂഡോമോണാസ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിലെന്ന കണക്കിൽ ചാലുകളിൽ കലക്കി ഒഴിക്കുക. അതിനുശേഷം വിത്ത് വിതയ്ക്കുക.
വിത്ത് വിതച്ച് ഒരാഴ്ചയാകുമ്പോൾ ഇലകൾ വന്നു തുടങ്ങും.
വിത്തുകൾ തറയിലല്ല വിതച്ചതെങ്കിൽ ഒരു മാസം ആകുമ്പോഴേക്കും പ്രായമായ തൈകൾ ഗ്രോബാഗുകളിൽ നിന്നും മാറ്റി നടണം. വൈകുന്നേരങ്ങളിൽ തൈ മാറ്റി നടാനും കൃത്യമായ ഇടവേളകളിൽ വെള്ളം ഒഴിച്ച് കൊടുക്കാനും ശ്രദ്ധിക്കണം.തൈകൾ മാറ്റി നട്ടാൽ 34 ദിവസത്തേക്ക് കൃത്യമായി വെള്ളം തളിച്ചു കൊടുക്കുക.
തണലൊരുക്കുന്നത് ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ്. അധികം വരണ്ട പ്രദേശങ്ങളിൽ നടാതിരിക്കുന്നതാണ് നല്ലത്. മാറ്റി നടുമ്പോൾ മേൽമണ്ണ് ഇളകാതെ പ്രത്യേകം ശ്രദ്ധിക്കണം.
തൈകൾ നട്ടതിന് ശേഷം ജൈവവളം ചേർക്കണം. ചാണകമോ കമ്പോസ്റ്റോ കോഴിവളമോ ഉപയോഗിക്കാം. 15 - 20 ദിവസം കഴിയുമ്പോൾ വീണ്ടും അവ ചേർത്തു കൊടുക്കാം.കഴിവതും രാസവളം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
കാപ്സിക്കം പൂവിട്ടാൽ ആദ്യം ഉണ്ടാകുന്ന പൂക്കൾ പറിച്ചു കളയണം. രണ്ടാമത് വരുന്ന പൂക്കളാണ് നല്ല വിളവുണ്ടാകാൻ നല്ലത്. കായ്കൾക്ക് നല്ല തിളക്കമാകുമ്പോൾ വിളവെടുക്കാം.ചെടി വലിപ്പം വച്ച് ഭാരം തൂങ്ങി വശങ്ങളിലേക്ക് മറിയാൻ സാധ്യത ഉള്ളതിനാൽ ഊന്നു കൊടുക്കുകയോ വശങ്ങളിൽ കയർ കെട്ടി സംരക്ഷിക്കുകയോ ചെയ്യാം.
പ്രധാന പ്രശ്നം :
ഇലകളിൽ പുള്ളിക്കുത്ത് വന്ന് ഇലകൾ കൊഴിയുന്നതാണ് പ്രധാന പ്രശ്നം. അതിന് ഫൈറ്റൊലാൻ നാലു ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചുകൊടുക്കുന്നതാണ് ഏറ്റവും നല്ലത്.