job-loss-

ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടർന്ന് സാമ്പത്തികരംഗം നിശ്ചലാവസ്ഥയിലായതോടെ തൊഴിലില്ലായ്മ നിരക്ക് രാജ്യത്ത് കുതിച്ചുയർന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (CMIE)തയ്യാറാക്കിയ മേയ് 3ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് 27.11 ആണ് തൊഴിലില്ലായ്മ നിരക്ക്. ലോക്ഡൗണിന് മുൻപ് മാ‌ർച്ച് 15ന് അവസാനിച്ച ആഴ്ചയിൽ 6.74 ആയിരുന്നു തൊഴിലില്ലായ്മ കണക്ക്.

മെയ് 3ന് മുൻപുള്ള ഏപ്രിൽ 26ന് അവസാനിക്കുന്ന ആഴ്ചയിൽ 21.05 ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. നഗരങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിലായിരുന്നു ഏറ്രവും കൂടുതൽ തൊഴിലില്ലായ്മ 29.02. ഇവിടെ കൊവിഡ്-19 രോഗബാധയെ തുടർന്ന് റെഡ് സോണുകളും വളരെ കൂടുതലാണ്. ഗ്രാമങ്ങളിൽ ഇത് 26.16 ആണ്. ഏപ്രിൽ 26ന് അവസാനിച്ച ആഴ്ചയിൽ 21.45 ആയിരുന്നു നഗരങ്ങളിലെ നിരക്ക്. ഗ്രാമങ്ങളിൽ 20.88ഉം. പ്രതിമാസ നിരക്ക് നോക്കിയാൽ മാർച്ചിൽ 8.74 ആയിരുന്നത് ഏപ്രിലിൽ 23.52ആയി.

കൊവിഡ് മഹാമാരിക്ക് ശേഷം സി.എം.ഐ.ഇ നൽകിയ സൂചനകൾ അനുസരിച്ച് ഓരോ ആഴ്ചയിലും തൊഴിലില്ലായ്മ നിരക്കിൽ ഉയർച്ചയാണ് ഉണ്ടായത്. വിപണിയിലും സാമ്പത്തിക രംഗത്തും വൻ തകർച്ച രേഖപ്പെടുത്തിയ ഈ സാമ്പത്തിക വർഷത്തിൽ ജിഡിപി കുത്തനെ താഴുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന.

75.8 ശതമാനം നിരക്കുള്ള പുതുച്ചേരിയിലാണ് ഏറ്രവും ഉയർന്ന തൊഴിലില്ലായ്മ രേഖപ്പെടുത്തിയത്. 49.8 ശതമാനമുള്ള തമിഴ്നാടാണ് രണ്ടാമത്. ജാർഘണ്ഡ് 47.1 ശതമാനത്തോടെ മൂന്നാമതും ബിഹാർ 46.6 ശതമാനത്തോടെ നാലാമതുമാണ്. 2.3ശതമാനമുള്ള സിക്കിമും 2.2 ശതമാനമുള്ള ഹിമാചൽ പ്രദേശിലുമാണ് ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക്.