വാഷിംഗ്ടൺ ഡി.സി: കൊവിഡ് ഭീതിയിൽ നിന്ന് ലോകം ഉടനെയൊന്നും മോചിതരാകില്ലെന്ന സൂചന ശക്തമാകുന്നു.
യൂറോപ്യൻ രാജ്യങ്ങൾ കൊവിഡിൽ നിന്ന് മുക്തി നേടുമ്പോൾ ബ്രസീലും റഷ്യയും പുതിയ ഹോട്ട്സ്പോട്ടുകളായി മാറുകയാണ്. അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സ്ഥിതിയും വിഭിന്നമല്ല. മരണസംഖ്യ 29427ൽ എത്തിയതോടെ യൂറോപ്പിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‍ത രാജ്യമായി ബ്രിട്ടൻ മാറി. ഇതുവരെ ഇറ്റലിയായിരുന്നു യൂറോപ്പിൽ ഒന്നാമത്. ബ്രിട്ടനിൽ രോഗബാധിതരുടെ എണ്ണവും രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇപ്പോഴും ബ്രിട്ടനിലെ പ്രതിദിന മരണം 500ന് മുകളിലാണ്.
അമേരിക്കയിൽ മരണം 70000 ഉം രോഗബാധിതരുടെ എണ്ണം 12 ലക്ഷവും കവിഞ്ഞു.
മരണനിരക്ക് കുറവാണെങ്കിലും റഷ്യയിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്. 24 മണിക്കൂറിനിടെ 10559 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തോടെ ആകെ രോഗബാധിതർ 165,929 ആയി. പ്രതിദിന മരണം 86. ആകെ മരണം 1537.
ബ്രസീലിൽ 24 മണിക്കൂറിനിടെ 1,238 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 1 ലക്ഷവും മരണം 7000 ഉം കവിഞ്ഞു. മികച്ച പ്രതിരോധ നടപടികൾ സ്വീകരിക്കാതെ കൊവിഡിനെ നിസാരമായി കാണുകയാണ് പ്രസിഡൻ്റ് ജയർ ബൊൽസൊനാരോ ഇപ്പോഴും. അതേസമയം, ലോകത്താകെ 212 രാജ്യങ്ങളിലായി 2.5 ലക്ഷത്തിലധികം പേർ മരിച്ചു. രോഗബാധിതരുടെ എണ്ണം 37 ലക്ഷം കവിഞ്ഞു. 1,247,310 പേർ രോഗവിമുക്തി നേടി.
യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, ഇറ്റലി, ജർമ്മനി എന്നിവിടങ്ങളിൽ പ്രതിദിന മരണം 100നകത്ത്.
കൊവിഡ് വംശനാശം വരുത്തുമെന്ന് ഭയന്ന് ഇക്വഡോറിലെ തദ്ദേശീയ സമുദായങ്ങൾ ആമസോണിലേക്ക് പലായനം ചെയ്തു.
കൊവിഡ് പ്രതിസന്ധി മൂലം ഖത്തർ എയർവേസിലെ പല ജീവനക്കാരും പിരിച്ചുവിടൽ ഭീഷണിയിൽ.
ഷാംഗായ്‌യിലെ ഡിസ്നിലാൻഡ് 11ന് തുറക്കും.
ജർമ്മനിയിൽ കടകളും സ്കൂളുകളും ഉടൻ പ്രവർത്തനമാരംഭിക്കും.
വുഹാനിൽ 120 ഓളം സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു.
ചൈനയിൽ ഇന്ന് രണ്ട് പുതിയ കേസുകൾ.