trump

വാഷിംഗ്ടൺ ഡി.സി: കൊവിഡ് മൂലം അടച്ചുപൂട്ടിയ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിലൂടെ കൂടുതൽ ജനങ്ങൾക്ക് ജീവൻ നഷ്ടമാകുമെന്ന് സമ്മതിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അതേസമയം, ഇപ്പോഴും മാസ്ക് ധരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അദ്ദേഹം. അരിസോണയിലെ ഫീനിക്സിലുള്ള ഹണിവെൽ മാസ്ക് നിർമ്മാണ ഫാക്ടറി സന്ദർശിച്ചപ്പോഴും മാസ്ക് ധരിക്കുന്നതിൽ ട്രംപ് വിമുഖത കാട്ടി. എന്നാൽ സുരക്ഷാ കണ്ണട ധരിച്ചിരുന്നു. ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം ട്രംപ് നടത്തുന്ന ആദ്യപ്രധാന യാത്രയ്ക്കിടെ ആയിരുന്നു ഫാക്ടറി സന്ദർശനം.

സന്ദ‌ർശനത്തിനിടെ സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശം എടുത്തുകളയുകയും അടച്ചുപൂട്ടിയ സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുകയും ചെയ്യുമ്പോൾ മരണസംഖ്യ വീണ്ടും ഉയരില്ലേ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിലത് സംഭവിക്കാൻ ഇടയുണ്ട് എന്നായിരുന്നു ട്രംപിൻ്റെ മറുപടി. ചില ആളുകളെ മോശമായി ബാധിക്കുമെന്ന് സമ്മതിച്ച ട്രംപ് രാജ്യം തുറന്നുകൊടുക്കണമെന്നും പറഞ്ഞു.