daniel-pearl-murder

വാഷിംഗ്ടൺ: കൊല്ലപ്പെട്ട അമേരിക്കൻ മാദ്ധ്യമപ്രവർത്തകൻ ഡാനിയൽ പേളിന് പാകിസ്ഥാൻ നീതി നൽകണമെന്ന് വീണ്ടും ആവശ്യപ്പെട്ട് അമേരിക്ക. ഡാനിയേൽ പേളിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അൽഖ്വയ്ദ നേതാവ് അഹമ്മദ് ഒമർ സയീദ് ഷേ്ഖ് ഉൾപ്പടെ മൂന്ന് പ്രതികളുടെ വധശിക്ഷ ഇളവ് ചെയ്ത വിധിക്കെതിരെ പേളിന്റെ മാതാപിതാക്കൾ പാക്​ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതിന് പിന്നാലെയാണ് അമേരിക്ക രംഗത്തെത്തിയത്. സിന്ധ് ഹൈക്കോടതിയാണ് പ്രതികളുടടെ വധശിക്ഷ ഏഴുവർഷമാക്കി ഇളവ് ചെയ്തത്. ജയ്​ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹറിനും മുഷ്താഖ് അഹമ്മദ് സർഗാറിനുമൊപ്പം ഇന്ത്യ മോചിപ്പിച്ച തീവ്രവാദിയാണ് പാക് വംശജനും ബ്രിട്ടീഷ് പൗരനുമായ അഹമ്മദ് ഉമർ സെയ്ദ് ഷെയ്ഖ്.

2002ലാണ് വാൾസ്ട്രീറ്റ് ജേർണലിന്റെ സൗത്ത് ഏഷ്യൻ ബ്യൂറോ ചീഫായ ഡാനിയേൽ പേളിനെ(38)​ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കൊലപാതക കേസിൽ പ്രതിയായ അഹമ്മദ് ഉമർ സെയ്ദ് ഷെയ്ഖിനെ തൂക്കിലേറ്റാനും മറ്റ് മൂന്നു പേരെ ജീവപര്യന്തത്തിനും പാക് ഭീകരവിരുദ്ധ കോടതി വിധിച്ചു.എന്നാൽ, ഷെയ്ഖിന്‍റെ അപ്പീലിൽ വാദം കേട്ട സിന്ധ് ഹൈകോടതി, കൊലപാതക കുറ്റം തട്ടിക്കൊണ്ടു പോകലായി ഇളവ് ചെയ്ത് ശിക്ഷ ഏഴു വർഷമാക്കി കുറച്ചു. കൂടാതെ, കേസിലെ മറ്റ് പ്രതികളായ ഫഹദ് നസീം, സൽമാൻ സാഖിബ്, സെയ്ദ് ആദിൽ എന്നിവരുടെ ജീവപര്യന്തം തടവ് റദ്ദാക്കി വെറുതെ വിടുകയും ചെയ്തു.

1999 ഡിസംബറിൽ കാണ്ടഹാറിൽ പാക് ഭീകര സംഘം തട്ടിക്കൊണ്ടു പോയ എയർ ഇന്ത്യ വിമാനവും യാത്രക്കാരെയും മോചിപ്പിക്കുന്നതിനാണ് ഷെയ്ഖ് അടക്കമുള്ളവരെ ഇന്ത്യ മോചിപ്പിച്ചത്.
പ്രതികളുടെ ശിക്ഷ ഇളവ് ചെയ്ത പാക് കോടതിയുടെ വിധി അമേരിക്കയുടെ രൂക്ഷ വിമർശനത്തിന് വഴിവെച്ചിരുന്നു.