modi

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലക്കുന്ന കൊവിഡ് രോഗബാധ യഥാസമയം നിർണ്ണയിക്കാനും രോഗത്തിന് വാക്സിനുകളും ഔഷധങ്ങളും കണ്ടെത്താനുമുള്ള സർവ്വകലാശാലകളുടെയും വ്യവസായ സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും ശ്രമങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ചേർന്ന കൊവിഡ് രോഗനിർണയം, വാക്സിൻ, ടെസ്റ്രുകൾ മുതലായവക്കായുള്ള പ്രത്യേക കാര്യ നിർവ്വഹണ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രശംസ.

രോഗത്തിനെതിരെ പൊരുതുന്ന വ്യവസായ ലോകത്തിന്റെയും ശാസ്ത്രജ്ഞരുടെയും നീക്കങ്ങൾക്കൊപ്പം മുന്നേറാനുള്ള ഭരണനിർവ്വഹണ സംവിധാനത്തിന്റെ ശേഷി വെളിവാക്കുന്നതാണ് ഈ അവസരം. എന്നാൽ ഉദ്യോഗസ്ഥമേധാവിത്വവും അതിനോട് ചേർന്ന് നിൽക്കുന്ന സംവിധാനങ്ങളും ഈ ശ്രമങ്ങൾക്കനുസരിച്ച് വേഗം കൈവരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 'പുതിയ മരുന്നുകളുടെയും വാക്സിനുകളുടെയും പരീക്ഷണങ്ങൾക്കും അംഗീകാരങ്ങൾക്കും വിലങ്ങുതടിയാകുന്ന രാജ്യത്തെ നിലവിലെ നിയമസംവിധാനങ്ങൾ പലപ്പോഴും വട്ടംകറക്കുന്നതും കഠിനവുമാണ്. ഇത് മാറിയേ പറ്റൂ.' പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ഉന്നത യോഗ്യതയുള്ളതും,നീതിയുക്തവും വേഗതയാർന്നതുമായ സംവിധാനം ഇതിനായി വേണം. ഔഷധ വാക്സിൻ നിർമ്മാണത്തിലും അവയുടെ അംഗീകാരത്തിലും നിലവിലെ സംവിധാനങ്ങൾ അതിവേഗം പരിഷ്കരിക്കപ്പെടണം.അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അത്യാവശ്യ വാക്സിനുകൾ മനുഷ്യനിൽ പരീക്ഷിക്കാൻ അടിയന്തരമായി അനുമതി നൽകാറുണ്ട്. എന്നാൽ ഇന്ത്യയിൽ മൃഗങ്ങളിൽ പരീക്ഷിക്കാൻ അനുമതി വാങ്ങാൻ പോലും കടമ്പകളേറെയാണ്.

കമ്പനികൾ മരുന്ന് നിർമ്മാണ സാമഗ്രികൾക്കായി അന്യ രാജ്യങ്ങളെ ആശ്രയിക്കാതെ സ്വയം നിർമ്മാണത്തിന് അഭിമാനത്തോടെ മുന്നോട്ട് വരേണം എന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. മുപ്പതോളം കമ്പനികൾ കൊവിഡ്-19 പ്രതിരോധ വാക്സിൻ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ എത്തിയിട്ടുള്ളതായും ചിലവ പരീക്ഷണ ഘട്ടം വരെ എത്തിയതായും പ്രധാനമന്ത്രി അറിയിച്ചു. മീറ്രിംഗിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര, മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ.വിജയരാഘവൻ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമർജീത് സിംഹ,ബയോ ടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപ്, ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ, കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദൻ, നിയുക്ത ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ എന്നിവർ പങ്കെടുത്തു.