covid-

ചെന്നൈ: ചെന്നൈയിൽ കൊവിഡ് 19 കേസുകളുടെ എണ്ണം കുത്തനെ ഉയർന്നുകൊണ്ടിരിക്കെ നഗരത്തിലെ സർക്കാർ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു. ഇതോടെ സ്വകാര്യ കോളേജുകളിലും ചെന്നൈ ട്രേഡ് സെന്ററിലും ഒരുക്കിയ കോർപ്പറേഷന്റെ കൊവിഡ് കെയർ സെന്ററുകളിലേക്കു രോഗികളെ മാറ്റുകയാണ്. സ്റ്റാൻലി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്ന് 73 രോഗികളെ ഞായറാഴ്ച സിറ്റി കോളേജിലെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റിയതായി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ഒമാണ്ടുറാർ മെഡിക്കൽ കോളേജ് ഡീനുമായ നാരായണ ബാബു പറഞ്ഞു.

കൊവിഡ് -19 രോഗികൾക്കായി 1,750 കിടക്കകൾ നഗരത്തിലെ സർക്കാർ ആശുപത്രികളിലുണ്ട്. 1,200 കിടക്കകളിൽ രോഗികൾ ചികിത്സയിലുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രികളിൽ കിടക്കകളുടെ എണ്ണം 500ആയി വർദ്ധിച്ചു. ഒമാണ്ടുറാർ ആശുപത്രിയിലെ 500 ൽ 270 കിടക്കകളും, സ്റ്റാൻലി ഹോസ്പിറ്റലിലെ 400 ൽ 190 കിടക്കകളിലും രോഗികൾ ഉണ്ട്. വിശദമായ പഠനം നടത്തിയ ശേഷം 55 വയസ്സിന് താഴെയുള്ള രോഗലക്ഷണങ്ങളില്ലാത്ത രോഗികളെയാണ് മാറ്റുന്നത്.

ഒമാണ്ടുറാറിൽ നിന്നുള്ള 60 ശതമാനം രോഗികളെ ഉടൻ തന്നെ കെയർ സെന്ററുകളിലേക്ക് മാറ്റുമെന്ന് നാരായണ ബാബു പറഞ്ഞു. റോയപുരം, തിരുവികാ നഗർ എന്നിവിടങ്ങളിലെ വൈറസ് ബാധിതരുടെ വർദ്ധനവ് മൂലം ആർ‌.ജി‌.ജി‌.ജി‌.എച്ചിൽ രോഗികൾ നിറയുകയാണ്. “ഇവിടെയുള്ള 366 രോഗികളിൽ 100-150 പേരെ മാറ്റിയേക്കുമെന്ന് ഡീൻ ആർ.ജയന്തി പറഞ്ഞു. ലക്ഷണമില്ലാത്ത രോഗികൾക്ക് കൂടുതൽ ചികിത്സ ആവശ്യമില്ല. അതിനാൽ ഈ സെന്ററുകളിൽ ഒരു ഡോക്ടറെയും മതിയായ നഴ്സുമാരെയും നിയമിക്കും. രോഗികളെ ദിവസത്തിൽ ഒരിക്കൽ നിരീക്ഷിക്കുകയും രോഗലക്ഷണങ്ങൾ കാണിക്കാത്തവരെ 14 ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്യും.

പരിചരണ കേന്ദ്രങ്ങളിൽ നിന്ന് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിന് മുമ്പ് രണ്ട് പരിശോധനകൾ നടത്തുമെന്ന് നോഡൽ ഉദ്യോഗസ്ഥൻ ജെ. രാധാകൃഷ്ണൻ പറഞ്ഞു. രോഗികളെ ആശുപത്രി അന്തരീക്ഷത്തിൽ പാർപ്പിക്കാത്തതിനാൽ ഇത് സുഗമമായി നടക്കും. ആശുപത്രിയിൽ ഇപ്പോൾ 320 രോഗികളുണ്ടെന്നും 40 പേരെ ഉടൻ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ടെന്നും കിൽപാക് മെഡിക്കൽ കോളേജ് ഡീൻ പി.വസന്തമണി പറഞ്ഞു. എന്നാൽ മാറ്റുമ്പോൾ എല്ലാ മെഡിക്കൽ ഉപകരണങ്ങളും തെർമോമീറ്ററുകളും പിപിഇയും ശരിയായി കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.