ലിമ: കുറച്ച് നാൾ മുൻപ് വരെ ആർക്കുമറിയില്ലായിരുന്നു പെറുവിലെ ധനകാര്യമന്ത്രിയായ മരിയ അൻ്റോണിയ ആൽവയെന്ന മുപ്പത്തിയഞ്ചുകാരിയെ. എന്നാൽ, കൊവിഡ് പ്രതിസന്ധി സമയത്ത് പെറുവിലെ ചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപിച്ച ധനകാര്യ പാക്കേജ് അവരെ ലോകപ്രശസ്തയാക്കി. മറ്റ് രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോഴും പെറുവിൻെറ സാമ്പത്തിക മേഖല തകരാതെ നിലനിറുത്തുന്നതിൽ ആൽവയുട പദ്ധതികൾ ഫലം കാണുന്നുണ്ട്. ഈ വർഷം ജി.ഡി.പിയിൽ 10 ശതമാനം വരെ കുറവുണ്ടാവുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തിയിരുന്നു. ഇത് കൂടാതെ തൊഴിലില്ലായ്മ രൂക്ഷമാവുമെന്നും കരുതിയിരുന്നു. എന്നാൽ ആൽവയുടെ പ്രവർത്തനങ്ങൾ മൂലം ഈ പ്രതിസന്ധിയെയെല്ലാം തരണം ചെയ്യുകയാണ് പെറു. താഴെത്തട്ടിലുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് മനസിലാക്കിയാണ് ആൽവ പദ്ധതികൾ തയ്യാറാക്കുന്നത്. ഇത് മൂലം കുടുംബങ്ങൾക്കും രാജ്യത്തെ ബിസിനസുകൾക്കും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഈ പ്രതിസന്ധിക്കാലത്തും മികച്ച രീതിയിലുള്ള സഹായം ലഭിക്കുന്നുണ്ട്. 2019ൽ മന്ത്രിസഭാ പുനഃസംഘടന വന്നപ്പോഴാണ് ആൽവ അംഗ ക്യാബിനറ്റിൻെറ ഭാഗമാവുന്നത്. അതോടെ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ധനകാര്യമന്ത്രിമാരിൽ ഒരാളായി അവർ മാറി.
ഒരു ചെറിയ ഇന്ത്യൻ ബന്ധം
ബിരുദാനന്തര ബിരുദ പഠനകാലയളവിൽ രണ്ട് മാസം ആൽവ ഇന്ത്യയിൽ ഉണ്ടായിരുന്നു. ഇന്ത്യയിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങളുമായി ബന്ധപ്പെട്ടാണ് അവർ പഠനം നടത്തിയത്.
ജനങ്ങളുടെ ടോണി
ജനങ്ങളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന് ആൽവയെ ടോണി എന്നാണ് അവർ സ്നേഹപൂർവം വിളിക്കുന്നത്. സാമ്പത്തിക പദ്ധതികൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയതോടെ തങ്ങളുടെ പ്രിയപ്പെട്ട ടോണിയ്ക്കൊപ്പം സെൽഫി എടുക്കാൻ തിരക്ക് കൂട്ടുകയാണ് ഇവിടുത്തുകാർ.