mehabooba-mufthi

ശ്രീനഗർ: ജമ്മുകാശ്​മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടങ്കൽ മൂന്നുമാസത്തേക്ക്​ കൂടി നീട്ടിയത്​ അവിശ്വസനീയമാംവിധം ക്രൂരമാണെന്ന് നാഷണൽ കോൺഫറൻസ്​ (എൻ‌.സി) വൈസ് പ്രസിഡന്റ്​ ഒമർ അബ്ദുള്ള. മെഹ​ബൂബ മുഫ്​തിയുടെ നിലവിലുള്ള തടങ്കൽ​ കാലാവധി ഇന്നലെ പൂർത്തിയായതിന് പിന്നാലെയാണ് പുതിയ ഉത്തരവെത്തിയത്.

പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.​ഡി.പി) പ്രസിഡന്റ്​ കൂടിയായ മെഹബൂബ മുഫ്തി, ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് 2019 ആഗസ്റ്റ് അഞ്ചു മുതൽ തടങ്കലിലാണ്​. മൂന്നു മാസം കൂടി നീട്ടിയതോടെ തടവ്​ ഒരു വർഷമാകും.

“കേന്ദ്ര സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല. അതി​​ന്റെ യുക്തി എന്താണെന്ന്​ മനസിലാകുന്നില്ല. ജമ്മു കാശ്‌മീരിൽ സുഹൃദ്​വലയങ്ങൾ ഉണ്ടാക്കുന്നതിന്​ പകരം ശത്രുക്കളെ സൃഷ്​ടിക്കുകയാണ്​ അവർ ചെയ്യുന്നത്​. മറ്റ് രണ്ട് നേതാക്കളെ കൂടി തടങ്കലിൽ വയ്ക്കാനുള്ള തീരുമാനത്തിലൂടെ കേന്ദ്രം എതിർ ശബ്​ദങ്ങളെ ഇല്ലായ്​മ ചെയ്യുകയാണ്’’ -മുൻ മുഖ്യമന്ത്രി കൂടിയായ ഒമർ അബ്​ദുള്ള പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം സബ് ജയിലായി നിശ്ചയിച്ച ശ്രീനഗറിലെ ഔദ്യോഗിക വസതിയിൽ തടവിലാക്കു​മെന്നാണ്​ സൂചന.