തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആശ്വാസ ദിനം. ഏഴ് പേർ രോഗമുക്തരായി. കോട്ടയം ആറ്, പത്തനംതിട്ട ഒന്ന് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രോഗമുക്തരായത്. നിലവിൽ 30 പേർ ചികിത്സയിൽ. ആകെ കൊവിഡ് ബാധിതർ 502. ഇന്ന് പുതുതായി ഹോട്ട് സ്‌പോട്ടുകളില്ല.
14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതിൽ 268 പേർ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് പരിശോധന നടത്തിയത് 1104 സാമ്പിളുകളാണ്. സംസ്ഥാനത്തെ ആറ് ജില്ലകളിൽ മാത്രമാണ് നിലവിൽ കൊവിഡ് രോഗികളുള്ളത്. എട്ട് ജില്ലകൾ കൊവിഡ് മുക്തമായി.
സംസ്ഥാനത്തെ കള്ള് ഷാപ്പുകൾ മേയ് 13 മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷ മേയ് 21നും 29 നും ഇടയിൽ നടത്തും. ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിർണയം മേയ് 13 മുതൽ ആരംഭിക്കും. പ്രൈമറി, അപ്പർ പ്രൈമറി തലങ്ങളിലെ 81,609 അദ്ധ്യാപകർക്ക് പരിശീലനം ഓൺലൈനായി നടക്കുകയാണ്. ഇത് പൂർത്തിയാക്കും. ഇതിന് പുറമേ, പ്രത്യേക അവധിക്കാല പരിശീലനം വിക്ടേഴ്സ് ചാനൽ ഉപയോഗിച്ച് കൈറ്റ് നടത്തും.
ലോക്ക് ഡൗൺ കാരണം വിദേശരാജ്യങ്ങളിൽ പെട്ട് പോയ കേരളീയർ നാളെ മുതൽ കേരളത്തിലെത്തും. നടപടിക്രമങ്ങൾ കേന്ദ്രത്തിൽ നിന്ന് ലഭിച്ചു. ഏവിയേഷൻ മന്ത്രാലയം ഏർപ്പെടുത്തിയ വിമാനങ്ങളും പ്രതിരോധ വകുപ്പ് ഏർപ്പെടുത്തിയ കപ്പലുകളിലാണ് ഇവർ വരുന്നത്. നാളെ രണ്ട് വിമാനങ്ങൾ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും സൗദിയിൽ നിന്ന് കോഴിക്കോട്ടേക്കും. നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് ആരോഗ്യകാരണം മുൻനിർത്തി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തിൽ കരുതലോടെ ഇടപെടും. വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം ജാഗ്രത പാലിക്കണം. വിമാനത്താവളം മുതൽ ആ ജാഗ്രത ഉണ്ടാകണം. അവർക്ക് വേണ്ട സൗകര്യങ്ങൾ തയ്യാറാണ്. വിദേശ രാജ്യങ്ങളില്‍നിന്നും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന ഗര്‍ഭിണികളെ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കും. ഗര്‍ഭിണികള്‍ക്ക് വീടുകളിലേക്ക് പോകാം. അവര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. മറ്റുള്ളവര്‍ പൊതുവായ കേന്ദ്രങ്ങളിലും നിരീക്ഷണത്തില്‍ കഴിയണം.
രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാർത്ഥികളടക്കം കുടുങ്ങിക്കിടക്കുന്നുണ്ട്. ഡൽഹി ജാമിയ മിലിയയിലെ മലയാളി വിദ്യാർത്ഥികൾ അവർക്ക് ലഭിച്ച ഒരു നിർദേശം ഈ മാസം 15-ന് മുമ്പ് ഹോസ്റ്റൽ ഒഴിയണമെന്നാണ്. അവ നിരീക്ഷണകേന്ദ്രങ്ങളാക്കുകയാണ്. അവിടെ പെൺകുട്ടികൾ അടക്കം 40 വിദ്യാർത്ഥികളുണ്ട്. ഇത്തരം സാഹചര്യത്തിലാണ് ഡൽഹി, പഞ്ചാബ്, ഹിമാചല്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ഡൗൺ കാരണം കുടുങ്ങിയ വിദ്യാർത്ഥികളെ കേരളത്തിൽ എത്തിക്കാനുള്ള ശ്രമം നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.