petrol

കൊച്ചി: പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കുത്തനെ കൂട്ടിയതിലൂടെ നടപ്പുവർഷം അധികമായി കേന്ദ്രത്തിന്റെ കീശയിലെത്തുക ഏകദേശം 1.60 ലക്ഷം കോടി രൂപ. മാർച്ച് 14ന് എക്‌സൈസ് നികുതി മൂന്നു രൂപ വീതം കൂട്ടിയതിലൂടെ 39,000 കോടി രൂപയുടെ അധികവരുമാനം ലക്ഷ്യമിട്ടിരുന്നു. രണ്ടു വർദ്ധനയിലൂടെയും മൊത്തം രണ്ടുലക്ഷം കോടിയോളം രൂപയുടെ അധികവരുമാനമാണ് കേന്ദ്രസർക്കാർ നേടുന്നത്.

ക്രൂഡോയിൽ വില 2020ൽ ഇതുവരെ 53.1 ശതമാനം ഇടിഞ്ഞ പശ്ചാത്തലത്തിലാണ്, വിലയിളവിന്റെ നേട്ടം ആനുപാതികമായി ഉപഭോക്താക്കൾക്ക് കൈമാറാതെ കേന്ദ്രം എക്‌സൈസ് നികുതി വർദ്ധിപ്പിച്ച് അധിക വരുമാനം കൊയ്യുന്നത്. നിലവിലെ നികുതി വർദ്ധന, ഉപഭോക്താക്കൾ പമ്പിലെത്തി വാങ്ങുന്ന പെട്രോൾ, ഡീസൽ വിലയിൽ പ്രതിഫലിക്കില്ല. വില വർദ്ധിക്കുകയുമില്ല. എന്നാൽ, ക്രൂഡോയിൽ വിലക്കുറവിന് ആനുപാതികമായി ലഭിക്കേണ്ട, അർഹതപ്പെട്ട വിലയിളവ് ഉപഭോക്താക്കൾക്ക് കിട്ടില്ല.

നികുതിക്കുതിപ്പ്

പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയുമാണ് എക്‌സൈസ് നികുതി കഴിഞ്ഞദിവസം കേന്ദ്രം കൂട്ടിയത്. ഇതോടെ പെട്രോൾ, ഡീസൽ വിലയുടെ 70 ശതമാനവും നികുതിയായി.

 പെട്രോളിന് അധിക എക്‌സൈസ് നികുതി രണ്ടു രൂപയും റോഡ് സെസായി 8 രൂപയുമാണ് കൂട്ടിയത്.

 ഡീസലിന് കൂട്ടിയത് റോഡ് സെസ് 5 രൂപ, അധിക എക്‌സൈസ് നികുതി 8 രൂപ.

ഉപഭോക്താവിനെ

എങ്ങനെ ബാധിക്കും?

 എണ്ണക്കമ്പനികളുടെ വരുമാനത്തിന്മേലാണ് നിലവിലെ എക്‌സൈസ് നികുതി വർദ്ധന ബാധിക്കുക. അതിനാൽ, റീട്ടെയിൽ വിലയിൽ മാറ്റമുണ്ടാകില്ല.

 എണ്ണക്കമ്പനികളുടെ വരുമാനം കുറയും

 അതേസമയം, അർഹതപ്പെട്ട വിലയിളവ് ഉപഭോക്താവിന് നഷ്‌ടമാകും

 നികുതി ബാദ്ധ്യത ഉപഭോക്താക്കളിൽ അടിച്ചേൽപ്പിക്കാൻ എണ്ണക്കമ്പനികൾ ശ്രമിച്ചാലേ വില കൂടൂ.

800%

നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിൽ ഏറിയശേഷം ഇതുവരെ പെട്രോളിന്റെ എക്‌സൈസ് നികുതിയിലുണ്ടായത് 800 ശതമാനം വർദ്ധന. പെട്രോളിന് 250 ശതമാനം

 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ ഏറുമ്പോൾ നികുതി, പെട്രോൾ : ₹9.48; ഡീസൽ : ₹3.56

 ഇപ്പോൾ പെട്രോൾ : ₹32.98, ഡീസൽ : ₹31.83

₹2.42 ലക്ഷം കോടി

2014 നവംബർ-2016 ജനുവരി കാലയളവിൽ തുടർച്ചയായി ഒമ്പതുവട്ടമാണ് മോദി സർക്കാർ എക്‌സൈസ് നികുതി കൂട്ടിയത്. ഇതിലൂടെ 2016-17ൽ 2.42 ലക്ഷം കോടി രൂപയുടെ അധിക വരുമാനം കിട്ടി. 2014-15ൽ ലഭിച്ച 99,000 കോടി രൂപയേക്കാൾ ഇരട്ടിയോളം.

മാറാതെ റീട്ടെയിൽ വില

 ജനുവരി ഒന്നിന് ക്രൂഡോയിൽ വില 61.06 ഡോളർ. പെട്രോൾ : ₹78.59, ഡീസൽ : ₹73.10

 ഇപ്പോൾ ബ്രെന്റ് ക്രൂഡ് വില : $31.12. പെട്രോൾ : ₹72.99 ഡീസൽ : ₹67.19

 മാർച്ച് 14 മുതൽ റീട്ടെയിൽ ഇന്ധനവിലയിൽ മാറ്റമില്ല.