തിരുവനന്തപുരം: തുറക്കും, തുറക്കാതിരിക്കില്ല. തുറന്നേ പറ്റൂ, തുറക്കാതെ രക്ഷയില്ലെന്നാ ധനകാര്യവകുപ്പ് പറഞ്ഞിരിക്കുന്നത്. എന്നിങ്ങനെ മദ്യപ്രേമികൾ വീർപ്പടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഇന്നലത്തെ മന്ത്രിസഭായോഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നുതന്നെ മദ്യവിദഗ്ദ്ധരെല്ലാം പ്രവചിച്ചിരുന്നു. അതും പാഴായി. തുറക്കേണ്ടതില്ലെന്നുതന്നെ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനിയെന്തുവഴി? വാറ്ര് പഠിച്ചു. പക്ഷേ, എങ്ങനെ വാറ്റും? കുടിക്കുംപോലെ എളുപ്പമല്ലല്ലോ വാറ്റ്. പൊലീസ് പിടിച്ചാൽ മാനം പോയില്ലേ സാറേ- ബിവറേജസ് ചില്ലറ വില്പനശാലയുടെ ബോർഡ് നോക്കി ഒരു മദ്യപ്രിയൻ വീർപ്പടക്കി. വൈശാലി സിനിമയിൽ അംഗരാജ്യത്ത് മഴ പെയ്യിക്കാൻ ഋശ്യശൃംഗനെ തേടിപ്പോയതുപോലെ വല്ല വഴിയുമുണ്ടോ എന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിലെ ടോളർമാരുടെ അന്വേഷണം.
മദ്യപിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്നമുണ്ടാകും, ഡോക്ടർ സർട്ടിഫിക്കറ്റ് ഹാജരാക്കി മദ്യം, ഓൺലൈൻ വഴി മദ്യം വീട്ടിലെത്തും- എന്നിങ്ങനെ എന്തെല്ലാം പ്രലോഭനങ്ങളായിരുന്നു! ഒന്നും ക്ലിക്കായില്ല. 'മദ്യപാനികളുടെ കാര്യത്തിൽ ആർക്കും എന്തും ആകാമല്ലോ' ഒരു ഓൺലൈൻ സാമൂഹ്യപ്രവർത്തകൻ നെടുവീർപ്പിട്ടു. മാർച്ച് 24 ന് അടച്ചാതാ- സഹകുടിയൻ കൂട്ടിച്ചേർത്തു.
''ആദ്യ ലോക്ക്ഡൗൺ കഴിയുമ്പോൾ തുറക്കുമെന്ന് കരുതി, രണ്ടാമത്തേത് കഴിയുവോളം കാത്തിരിക്കേണ്ടി വരില്ലെന്ന് പിന്നീട് വിചാരിച്ചു. ഇതിപ്പോൾ മൂന്നാമത്തെ ലോക്ക്ഡൗൺ കഴിഞ്ഞാലും രക്ഷയില്ലെന്നാ തോന്നുന്നത്, എന്തുചെയ്യാനാ?''- ബാറിനു മുന്നിൽ ബൈക്ക് നിറുത്തി നെടുവീർപ്പിട്ട യുവാവ് പറയുന്നു.കൊവിഡിനു പിന്നാലെ ലോക്ക്ഡൗൺ വന്നതോടെ ആദ്യം ബാറുകൾ അടച്ചു. സാമൂഹ്യ അകലം പാലിച്ച് ബിവറേജസ് ഔട്ട്ലെറ്റുകളിൽ മദ്യവില്പന തുടർന്നു. സമയം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാക്കി. പല തത്പര കക്ഷികളുടെയും എതിർപ്പ് വ്യാപകമായതോടെ അതിനും താഴ് വീണു. മദ്യം വാങ്ങിക്കൊണ്ടുപോകാൻ ബാറുകളിൽ കൗണ്ടറുകൾ തുറക്കും എന്നൊരു പ്രതീക്ഷ എക്സൈസ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായപ്പോൾ മദ്യപാനികളുടെ ഉള്ളിൽ കുളിരുവീശി. അതും കെട്ടടങ്ങി.
മദ്യവില്പന പൊടുന്നനെ നിറുത്തിയാലുണ്ടാകുന്ന സാമൂഹ്യവിപത്തുകൾ ചൂണ്ടിക്കാട്ടി സർക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ഏതെങ്കിലും തരത്തിൽ മദ്യം വിൽക്കണമെന്ന നയമുണ്ടായെങ്കിലും അതും ജലരേഖയായി. മദ്യം കിട്ടാത്തതിൽ പ്രതിഷേധിച്ച് ചിലർ ആത്മഹത്യ ചെയ്തിട്ടും ഫലമുണ്ടായില്ല. മദ്യവില്പനയ്ക്കെതിരെ കേന്ദ്രംകൂടി വാളെടുത്തതോടെ പ്രതീക്ഷയുടെ കുപ്പികളെല്ലാം വീണുടഞ്ഞു. ആരറിവൂ മദ്യപാനികളുടെ സങ്കടം! കള്ളുഷാപ്പുകൾ അടുത്ത ബുധനാഴ്ച തുറക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് വീണ്ടും ആകാശത്ത് മദ്യക്കോളായി ഉരുണ്ടുകൂടിയിട്ടുണ്ട്.