ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ മനാലിയെ ലഡാക്കിലെ ലേ മേഖലയുമായി ബന്ധിപ്പിക്കുന്ന അടൽ തുരങ്കത്തിന്റെ നിർമ്മാണം സെപ്‌തംബറിൽ പൂർത്തിയാകുമെന്ന് ബോർഡർ റോഡ് ഓർഗനൈസേഷൻ അറിയിച്ചു. ലോക്ക് ഡൗണിന്റെ ഭാഗമായി കുറച്ചു ദിവസം പണി നിറുത്തിവച്ചെങ്കിലും നിർമ്മാണം വൈകില്ലെന്നാണ് അവരുടെ പ്രതീക്ഷ. ചന്ദ്രാ നദിക്കടിയിലൂടെയുള്ള 100മീറ്റർ തുരങ്കത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ബാക്കി സ്ഥലങ്ങളിൽ ട്രാഫിക് സിഗ്‌നൽ, വെന്റിലേഷൻ സംവിധാനങ്ങൾ സജ്ജമാക്കുന്ന പ്രവർത്തിയും നടക്കുന്നു.
മഞ്ഞുമൂടുന്നതിനാൽ ആറുമാസം അടച്ചിടുന്ന റോത്തംപാസ് മലയോര പാതയ്‌ക്ക് പകരമാണ് വർഷം മുഴുവനും ഗതാഗതം സാദ്ധ്യമാകും വിധം ലേ മേഖലയിലേക്ക് 8.8 കിലോമീറ്റർ ദൈർഘ്യത്തിൽ തുരങ്കം പണിയുന്നത്. ഹിമാലയത്തിന്റെ ഭാഗമായ കിഴക്കൻ പിർ പഞ്ചൽ മലനിരകൾക്കടിയിലൂടെയുള്ള കടന്നു പോകുന്ന തുരങ്കം പൂർത്തിയായാൽ ലേയിലെ ലാഹോൾ താഴ്‌വരയിലേക്ക് 46 കിലോമീറ്റർ ലാഭിക്കാം. ലേയിലേക്കുള്ള സൈനിക നീക്കവും സാദ്ധ്യമാകുമെന്നതിനാൽ തന്ത്രപരമായ പ്രാധാന്യവുമുണ്ട്. നിലവിൽ നവംബർ-മെയ് മാസം മഞ്ഞു വീഴ്‌ച മൂലം റോത്തംപാസ് അടയ്‌ക്കുന്നതോടെ ലാഹോൾ താഴ്‌വര ഒറ്റപ്പെടും. റോത്തംഗ് തുരങ്കമെന്ന പേര് മാറ്റി കഴിഞ്ഞ ഡിസംബറിലാണ് കേന്ദ്രസർക്കാർ മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയിയുടെ സ്‌മരണാർത്ഥം അടൽ തുരങ്കം എന്ന് നാമകരണം ചെയ്‌തത്.