തിരുവനന്തപുരം: ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് ഓൺലൈൻ സംവിധാനം നിലവിൽ വന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. www.pass.bsafe.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അപേക്ഷകരുടെ മൊബൈൽ ഫോണിലേക്ക് പാസിന്റെ ലിങ്ക് ലഭിക്കും. പാസ് ലഭിക്കുന്നതിന് വേണ്ടി അതത് പൊലീസ് സ്‌റ്റേഷനുകളെ ബന്ധപ്പെടേണ്ടതാണെന്ന നിർദേശം ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ ഇത് പലർക്കും പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്.
ലോക്ഡൗൺ കാരണം വിദേശത്തു കുടുങ്ങിയ കേരളീയർ നാളെ മുതൽ എത്തിത്തുടങ്ങും. ഇതു സംബന്ധിച്ചുള്ള നടപടികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സിവിൽ ഏവിയേഷൻ മന്ത്രാലയം നിയോഗിക്കുന്ന വിമാനങ്ങളിലും പ്രതിരോധ വകുപ്പ് കപ്പലുകളിലുമാണ് ഇവർ വരുന്നത്.
'നാളെ രണ്ട് വിമാനങ്ങൾ വരുമെന്നാണ് ഒടുവിൽ ലഭിച്ച വിവരം. അബുദാബി – കൊച്ചി, ദുബായ്– കോഴിക്കോട് വിമാനങ്ങളാണിത്. വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു. അതിന്റെ മറുപടി ലഭിച്ചിട്ടില്ല. മടങ്ങിയെത്തുന്ന മലയാളികളുടെ കാര്യത്തിൽ കരുതലോടെയാണ് നാം ഇടപെടുന്നത്. വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം ജാഗ്രത പുലർത്തണം. വിമാനത്താവളം മുതൽ ജാഗ്രത വേണം. അവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്'-മുഖ്യമന്ത്രി പറഞ്ഞു.