തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും കള്ളുഷാപ്പുകൾ മേയ് 13 മുതൽ തുറന്നു പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യം കള്ളുഷാപ്പുകൾ തുറന്നുപ്രവർത്തിക്കും. മറ്റുളളവയുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്ന് മദ്യഷാപ്പുകൾ തുറക്കുന്നതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കള്ളുചെത്തിന് തെങ്ങൊരുക്കാൻ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചെത്തുത്തൊഴിലാളികൾ കളള് ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. ഇത് ഷാപ്പിൽ എത്തിക്കേണ്ട താമസം മാത്രമേ ഇനിയുളളൂ. ഇനിയും കളള് ശേഖരിക്കാതിരുന്നാൽ ഒഴുക്കി കളയേണ്ട സാഹചര്യം ഉണ്ടാകും. അതിനാൽ കള്ള് ശേഖരിക്കാനും കള്ളുഷാപ്പുകൾ വഴി ഇവ വിതരണം ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി.
കള്ളു ഷാപ്പുകളില്‍ ഇരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ടാവുമോ എന്ന കാര്യം ആലോചിക്കാം. കള്ള് ചെത്ത് എക്‌സൈസ് സമ്മതിക്കുന്നില്ലെന്ന കാര്യം തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.