സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഗുണ നിലവാരം ഉറപ്പാക്കാനും
ഇനി സ്പോർട്സ് ഹോസ്റ്റലുകളിൽ ദേശീയ തലത്തിൽ മികവ് പ്രകടിപ്പിക്കുന്നവർക്ക് മാത്രം പരിശീലനം
തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കായിക താരങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനുമായി സംസഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള ഹോസ്റ്റലുകളിലെ കുട്ടികളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിലിന്റെ ഉന്നതതല യോഗമാണ് ഇൗ തീരുമാനമെടുത്തത്.
നിലവിൽ എല്ലാ ജില്ലകളിലെയും ഹോസ്റ്റലുകളിലായി 2600 ഒാളം കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. ഇനി മുതൽ ദേശീയ തലത്തിൽ മികവ് പ്രകടിപ്പിക്കുന്നവർക്ക് മാത്രം പരിശീലനം നൽകിയാൽ മതിയെന്നാണ് തീരുമാനം. ഇതിനായികൃത്യമായ മാനദണ്ഡങ്ങളോടെ വീഡിംഗ് ഒൗട്ട് പ്ളാൻ തയ്യാറാക്കാനും തീരുമാനിച്ചു. ഹോസ്റ്റലുകളിലെ പ്രവേശനത്തിലും മികവ് മാത്രം മാനദണ്ഡമാക്കിയാൽ മതിയെന്നും യോഗം നിർദ്ദേശം നൽകി.
സാമ്പത്തിക പ്രതിസന്ധി രൂക്ഷം
സംസ്ഥാന ബഡ്ജറ്റിൽ കൗൺസിലിനുള്ള വിഹിതം കുറച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഹോസ്റ്റലുകളിൽ കുട്ടികൾക്ക് ഭക്ഷണം ഉൾപ്പടെയുള്ളവയ്ക്കുളള തുക മാസങ്ങൾക്ക് ശേഷമാണ് നൽകിവരുന്നത്. ഇൗ സാഹചര്യത്തിൽ കുട്ടികളുടെ എണ്ണം കുറയ്ക്കുകയാണ് നല്ലതെന്ന് പ്രസിഡന്റ് മേഴ്സിക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പലപ്പോഴും രാഷ്ട്രീയ ശുപാർശകളുടെ പുറത്ത് കുട്ടികളെ പ്രവേശിപ്പിക്കുന്നത് ഗുണനിലവാരത്തിലും ഇടിവുണ്ടാക്കുന്നുവെന്ന് അഭിപ്രായം ഉയർന്നു. കൗൺസിലിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും സമയത്ത് നൽകുവാൻ കഴിയുന്നുണ്ടായിരുന്നില്ല.
കൊവിഡ് കാലത്തിന് ശേഷം ഉണ്ടാകാൻ ഇടയുള്ള സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്താണ് തീരുമാനം. ബഡ്ജറ്റ് വിഹിതത്തിൽ ഇനിയും കുറവുണ്ടാകുമെന്ന് ധനകാര്യ വകുപ്പിൽ നിന്ന് സൂചനയും ലഭിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ഇത്രയും കുട്ടികളുമായി മുന്നോട്ടുപോകുന്നത് ഗുണം ചെയ്യില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. ദേശീയ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്ത കുട്ടികൾക്ക് പരിശീലനം നൽകാൻ തുക ചെലവിടുന്നത് വഴി മികച്ചവർക്ക് ആവശ്യമായ പരിഗണന ഉറപ്പുവരുത്താനും കഴിയാതെ പോകുന്നു.
സെക്രട്ടറി മാറി
പ്രമോഷൻ ലഭിച്ചതിനെത്തുടർന്ന് ഐ.എഫ്.എസുകാരനായ സഞ്ജയൻ കുമാർ സംസ്ഥാന സ്പോർട്സ് കൗൺസിൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി. സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടർ ജെറോമിക് ജോർജിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.ഐ.എ.എസ് ഉദ്യോഗന്ഥനാണ് ജെറോമിക് ജോർജ്. 2016മുതൽ സഞ്ജയൻ കുമാർ കൗൺസിൽ സെക്രട്ടറിയുടെ ചുമതലയിലായിരുന്നു.
താത്കാലിക ജീവനക്കാർ തുടരും
കൗൺസിലിലെ താത്കാലിക ജീവനക്കാരുടെ സേവനകാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാനും യോഗത്തിൽ തീരുമാനമായി. താത്കാലിക ജീവനക്കാരെ സ്ഥിരമാക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ കൂടുതൽ ചർച്ചകൾക്കായി മാറ്റിവച്ചു.