തിരുവനന്തപുരം: സംസ്ഥാനത്തേക്ക് മടങ്ങിയെത്തുന്ന ഗർഭിണികളെ ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇവർക്ക് വീടുകളിലെത്തി നിരീക്ഷണത്തിൽ കഴിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു വിദേശരാജ്യങ്ങളിൽ നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവരുന്ന ഗർഭിണികളെയാണ് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കുന്നത്. ഗർഭിണികൾ വീടുകളിലേക്ക് മടങ്ങി അവിടെ നിരീക്ഷണത്തിൽ കഴിയണം. ചെറിയ കുട്ടികളേയും വീടുകളിലെ ക്വാറന്റൈനിൽ തന്നെയായിരിക്കും പാർപ്പിക്കുക. രോഗികളായവരുടെ കാര്യത്തിൽകൃത്യമായ രോഗനിർണയം നടത്തിയ ശേഷം അതിന്റെ ഭാഗമായ തീരുമാനങ്ങളായിരിക്കും എടുക്കുക. ആരോഗ്യവിദഗ്ധരുമായി കൂടിയാലോചിച്ച് മാത്രമേ ക്വാറന്റൈൻ സംബന്ധിച്ച കാര്യങ്ങളിൽ അന്തിമതീരുമാനം എടുക്കുകയുള്ളൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
ലോക്ക് ഡൗൺ കാരണം വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികൾ നാളെമുതൽ കേരളത്തിലെത്തും.ഏവിയേഷൻ മന്ത്രാലയം ഏർപ്പെടുത്തിയ വിമാനങ്ങളിലും പ്രതിരോധ വകുപ്പ് ഏർപ്പെടുത്തിയ കപ്പലുകളിലാണ് ഇവർ വരുന്നത്. നാളെ രണ്ട് വിമാനങ്ങൾ വരുമെന്നാണ് ഔദ്യോഗിക വിവരം. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും സൗദിയിൽ നിന്ന് കോഴിക്കോട്ടേക്കും. നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കണമെന്ന് ആരോഗ്യകാരണം മുൻനിർത്തി സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
മടങ്ങി വരുന്ന ഓരോ മലയാളിയുടെയും കാര്യത്തിൽ കരുതലോടെ ഇടപെടും. വരുന്നവർ താമസസ്ഥലം മുതൽ യാത്രാവേളയിൽ ഉടനീളം ജാഗ്രത പാലിക്കണം. വിമാനത്താവളം മുതൽ ആ ജാഗ്രത ഉണ്ടാകണം. അവർക്ക് വേണ്ട സൗകര്യങ്ങൾ തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.