ന്യൂഡൽഹി∙ ഇൗ വർഷമാദ്യം ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പര തോറ്റതിനു പിന്നാലെ ‘ഈ വർഷം ഏകദിന ക്രിക്കറ്റ്’ അത്ര പ്രധാനമല്ലെന്ന് പറഞ്ഞ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലിയെ പരിഹസിച്ച് മുൻ ഇന്ത്യൻ ബൗളർ ആശിഷ് നെഹ്റ. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരവും തോറ്റതിനു പിന്നാലെയാണ് ഈ വർഷം ഏകദിനം അത്ര പ്രധാനപ്പെട്ടതല്ലെന്ന് കൊഹ്‌ലി അഭിപ്രായപ്പെട്ടത്. ഏകദിനത്തിൽ ആറു വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ന്യൂസീലൻഡിനെതിരെ ഉഭയകക്ഷി പരമ്പരയിൽ തോൽവി വഴങ്ങിയത്.

ടെസ്റ്റും ട്വന്റി20യുമായി തട്ടിച്ചുനോക്കുമ്പോൾ ഈ വർഷം ഏകദിനത്തിന് പ്രധാനപ്പെട്ടതല്ലെന്ന കോലിയുടെ നിരീക്ഷണം നെഹ്റ തള്ളിക്കളഞ്ഞു. ഈ വർഷം ലോകകപ്പ് നടക്കുന്നതിനാൽ ട്വന്റി20ക്കാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നായിരുന്നു കൊഹ‌്ലിയുടെ വാദം.

‘ പ്രാധാന്യമില്ലെങ്കിൽ പിന്നെന്തിനാണ് കളിച്ച് സമയം കളയുന്നത്? ന്യൂസീലൻഡിനെതിരായ ഏകദിന മത്സരങ്ങൾ ജയിക്കാൻ ഇന്ത്യൻ ടീം ശ്രമിച്ചില്ലെന്നാണോ ഇതിന്റെ അർഥം? മത്സരം ജയിച്ച് നിൽക്കുമ്പോഴാണ് ഇങ്ങനെ പറയുന്നതെങ്കിൽ കൊള്ളാമായിരുന്നു. ’ – നെഹ്റ പറഞ്ഞു.

പുതിയ താരങ്ങൾക്ക് ടീമിൽ സ്ഥാനമുറപ്പിക്കാൻ ബി.സി.സി.ഐ ആവശ്യത്തിന് സമയം നൽകണമെന്നും നെഹ്റ ചൂണ്ടിക്കാട്ടി. ധോണിയുടെ പിൻഗാമിയെന്ന് പറഞ്ഞ് അവതരിപ്പിച്ച റിഷഭ് പന്തിനെ കഴിഞ്ഞ രണ്ട് പരമ്പരകളിൽ മാറ്റിനിറുത്തി കെ.എൽ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയതിനെയും നെഹ്റ വിമർശിച്ചു. ധോണിയുടെ പകരക്കാരനെ പിന്നെ വെള്ളം ചുമട്ടുകാരനായാണ് കണ്ടതെന്നായിരുന്നു നെഹ്റയുടെ പരിഹാസം.