china

വാഷിംഗ്ടൺ: കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള സുപ്രധാന തെളിവുകൾ ചൈന മറച്ചുവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്‌തതായി അമേരിക്ക ഉൾപ്പെടെ അഞ്ച് പാശ്‌ചാത്യ രാജ്യങ്ങൾ ഉൾപ്പെടുന്ന ഫൈവ് ഐസ് ( Five Eyes) എന്ന ഇന്റലിജൻസ് സഖ്യത്തിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അതേസമയം,​ അമേരിക്ക ആരോപിക്കുന്നതു പോലെ വുഹാൻ വൈറോളജി ലാബിൽ നിന്നല്ല,​ മാംസ മാർക്കറ്റിൽ നിന്നാണ് വൈറസ് പടർന്നതെന്നും റിപ്പോർട്ടിലുണ്ട്.

അമേരിക്കയ്‌ക്കു പുറമേ ബ്രിട്ടൻ,​ കാനഡ,​ ആസ്‌ട്രേലിയ,​ ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുള്ളത്. ഇവരുടെ പതിനഞ്ച് പേജുള്ള റിപ്പോർട്ട് ആസ്‌ട്രേലിയൻ പത്രമായ സാറ്റർഡേ ടെലഗ്രാഫ് പ്രസിദ്ധീകരിച്ചു. കൊവിഡ് വൈറസിന്റെ ഉറവിടം ചൈനയാണെന്ന് ഉറപ്പായി. പക്ഷേ,​ രണ്ടു കാര്യങ്ങളിലാണ് വ്യക്തത കിട്ടാനുള്ളത്. ഒന്ന്, രോഗം പൊട്ടിപ്പുറപ്പെട്ടത് യാദൃച്ഛികമായാണോ?​ രണ്ട്: ചൈന മനഃപൂർവം വൈറസിനെ തുറന്നുവിട്ടതാണോ?​

ഇവിടെ പ്രസിഡന്റ് ട്രംപിന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമാണ് അമേരിക്ക കൂടി ഉൾപ്പെട്ട ഫൈവ് ഐസ് റിപ്പോർട്ട്. വുഹാൻ ലാബിൽ നിന്നാണ് വൈറസ് പുറത്തു വന്നതെന്നാണ് ട്രംപ് പറയുന്നത്. എന്നാൽ വുഹാനിലെ മാംസ മാർക്കറ്റ് ചൈന എന്തിന് പൊടുന്നനെ ശുചീകരിച്ചതെന്ന് റിപ്പോർട്ടിൽ സംശയം പ്രകടിപിക്കുന്നു. ഇതെല്ലാം മറച്ചു വയ്ക്കാൻ ശ്രമിച്ചു എന്ന ഫൈവ് ഐസ് റിപ്പോർട്ടിലെ ആരോപണമാണ് ചൈനയെ കുഴയ്‌ക്കുന്നത്.

വുഹാൻ ലാബിലെ ജീവനക്കാർ സുരക്ഷാ മുൻകരുതലുകൾ പാലിച്ചിരുന്നില്ലെന്നും ഒരിക്കൽ ഒരു വവ്വാൽ ജീവനക്കാരന്റെ ദേഹത്ത് മൂത്രമൊഴിച്ചെന്നും ചില റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. ലാബിലെ ജീവനക്കാർക്ക് പരിശീലനമില്ലെന്ന് 2018ൽ ചോർന്ന അമേരിക്കൻ നയതന്ത്ര കേബിളുകളും വെളിപ്പെടുത്തിയിരുന്നു. വൈറസുകളെ കൈകാര്യം ചെയ്യുന്നതിൽ തങ്ങൾ അമേരിക്കയെക്കാൾ മെച്ചമാണെന്ന് തെളിയിക്കാനുള്ള ഗവേഷണങ്ങളാണ് വുഹാൻ ലാബിൽ നടന്നുവന്നത്. അതിനിടയ്‌ക്കാണ് വൈറസ് ചോർന്നതെന്നാണ് അമേരിക്കൻ ഭാഷ്യം.

ഫൈവ് ഐസിന്റെ ആരോപണങ്ങൾ

 കൊവിഡ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പകരുന്നതിന് കഴിഞ്ഞ ഡിസംബറിൽത്തന്നെ തെളിവുണ്ടായിരുന്നു. ചൈനയ്ക്ക് ഇത് അറിയാമായിരുന്നെങ്കിലും ജനുവരി 20 വരെ അത് നിഷേധിച്ചു. തയ്‌വാൻ അധികൃതർ ഇക്കാര്യം അറിയിച്ചിട്ടും ചൈന കണ്ടില്ലെന്നു നടിച്ചു.

 രോഗം ആദ്യം റിപ്പോർട്ട് ചെയ്‌ത ഡോക്‌ടർമാരെ നിശ്ശബ്ദരാക്കി.

 വാക്സിൻ വികസിപ്പിക്കാൻ ശാസ്‌ത്രജ്ഞർക്ക് സാമ്പിളുകൾ നൽകാൻ ആദ്യം വിസമ്മതിച്ചു.

 പുതിയ കൊറോണ വൈറസ് ആണെന്ന് ചൈനയ്‌ക്ക് അറിയാമായിരുന്നു.

 തുടക്കത്തിൽ ചൈന അറിയിച്ചതിനേക്കാൾ വ്യാപകമായി രോഗം പടർന്നിരുന്നു

 വുഹാൻ ലാബിൽ വവ്വാലുകളിലെ കൊറോണ വൈറസിനെപ്പറ്രി ദീർഘകാലമായി ഗവേഷണം നടക്കുന്നുണ്ട്.

ഈ വൈറസ് സാമ്പിളുകളിൽ അൻപതെണ്ണത്തിന്റെ ജനിതക ഘടനയ്‌ക്ക് കൊവിഡ് വൈറസിന്റേതുമായി സാമ്യമുണ്ടായിരുന്നു.

 വുഹാൻ ലാബിൽ കൊറോണ വൈറസിനെ കൃത്രിമമായി സൃഷ്‌ടിക്കാൻ ശ്രമിച്ചു. വവ്വാലിൽ നിന്ന് മറ്റു ജീവികളിലേക്ക് വൈറസ് പകരുമോ എന്നറിയാൻ അവർ വൈറസിൽ ജനിതക മാറ്റങ്ങൾ വരുത്തി. ഇങ്ങനെ പകരാൻ ഏതു പ്രോട്ടീൻ ആണ് ആവശ്യം എന്നായിരുന്നു അന്വേഷണം.

 ആദ്യത്തെ രോഗികളുടെ സാമ്പിളുകൾ മറച്ചുവയ്ക്കുകയോ ലാബുകളിൽ നശിപ്പിക്കുകയോ ചെയ്‌തു.

 ആദ്യത്തെ സാമ്പിളുകൾ ചൈന ലോകവുമായി പങ്കുവച്ചില്ല.

 പൊടുന്നനെ വന്യജീവി മാർക്കറ്റുകൾ ശുചീകരിച്ചത് എന്തിന്?​

 ഡിസംബർ 31 മുതൽ ചൈന സോഷ്യൽ മീഡിയയിലും സെർച്ച് എൻജിനുകളിലും നിന്ന് വൈറസുമായി ബന്ധപ്പെട്ട വാർത്തകൾ സെൻസർ ചെയ്‌തു. സാർസ് വേരിയേഷൻ,​ വുഹാൻ കടൽവിഭവ മാർക്കറ്റ്,​ വുഹാൻ ന്യൂമോണിയ തുടങ്ങിയ പദങ്ങൾ വരെ നീക്കം ചെയ്‌തു.

 ജനുവരി 3 ന് വൈറസ് സാമ്പിളുകൾ പരിശോധനാ കേന്ദ്രങ്ങളിലേക്കു മാറ്റുകയോ നശിപ്പിക്കുകയോ ചെയ്യാൻ ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മിഷൻ ഉത്തരവിട്ടു.

 രോഗത്തെപ്പറ്റി ഒന്നും പ്രസിദ്ധീകരിക്കരുതെന്നും ഉത്തരവിട്ടു.

 ജനുവരി 5 മുതൽ 13 വരെ പുതിയ രോഗികളുടെ എണ്ണം പുറത്തുവിട്ടില്ല.

 ജനുവരി 10. രോഗം നിയന്ത്രണവിധേയമെന്ന് പീക്കിംഗ് സർവകലാശാലയിലെ വിദഗ്ദ്ധൻ. താൻ രോഗബാധിതനാണെന്ന് 22ന് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

 ജനുവരി 12. വൈറസിന്റെ ജനിതകഘടന പുറംലോകവുമായി പങ്കിട്ട ഷാങ്ഹായ് പ്രൊഫസറുടെ ലാബ് അടച്ചുപൂട്ടി.

 ജനുവരി 24 .അമേരിക്കയിലെ ടെക്സാസ് യൂണിവേഴ്‌സിറ്റി ലാബിന് വൈറസ് സാമ്പിളുകൾ നൽകുന്നതിൽ നിന്ന് വുഹാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ വിലക്കി.