kohli

മുംബയ് ∙ പ്രിയപ്പെട്ട വളർത്തുനായ ബ്രൂണോയുടെ വേർപാടിൽ സങ്കടപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ വിരാട് കൊഹ‌്ലി. 11 വർഷമായി കൊഹ്‌ലിക്ക് പ്രിയങ്കരനായിരുന്നു ബ്രൂണോ. സമൂഹമാധ്യമങ്ങളിലൂടെ കൊഹ്‌ലിതന്നെയാണ് വളർത്തുനായയുടെ വേർപാട് ആരാധകരെ അറിയിച്ചത്. കൊഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയും ബ്രൂണോയ്‌ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ ബ്രൂണോയുടെ ചിത്രത്തിനൊപ്പം വികാര നിർഭരമായൊരു കുറിപ്പും കൊഹ്‌ലി പങ്കുവച്ചു.

‘പ്രിയ ബ്രൂണോയ്ക്ക് നിത്യശാന്തി നേരുന്നു. കഴിഞ്ഞ 11 വർഷം ഞങ്ങളുടെ ജീവിതം സ്നേഹംകൊണ്ട് നിറച്ച നീ ഒരായുസിന്റെ ബന്ധം സ്ഥാപിച്ചാണ് വിടപറയുന്നത്. ഇന്ന് കൂടുതൽ നല്ലൊരു സ്ഥലത്തേക്കാണ് നിന്റെ യാത്ര. നിന്റെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ’ – കൊഹ്‌ലി കുറിച്ചു.

കഴിഞ്ഞ മാസം വളർത്തുനായ ചാർലി വിടപറഞ്ഞതിനു പിന്നാലെ ഓസ്ട്രേലിയയുടെ മുൻ നായകൻ സ്റ്റീവ് സ്മിത്തും വികാരനിർഭരമായൊരു കുറിപ്പ് പങ്കുവച്ച് രംഗത്തെത്തിയിരുന്നു.