air-india

റിയാദ്​: കൊവിഡിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി ആദ്യ വിമാനം വെള്ളിയാഴ്​ച രാത്രി റിയാദിൽ നിന്ന്​ കോഴിക്കോട്ടേക്ക് തിരിക്കും. അടുത്ത ദിവസങ്ങളിൽ റിയാദിൽ നിന്ന്​ ഡൽഹിയിലേക്കും ദമ്മാമിൽ നിന്ന്​ കൊച്ചിയിലേക്കും ജിദ്ദയിൽ നിന്ന്​ ഡൽഹി, കൊച്ചി എന്നിവിടങ്ങളിലേക്കും വിമാനങ്ങളെത്തുമെന്ന് അംബാസഡർ ഡോ. ഔസഫ്​ സഈദ്​ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഓരോ വിമാനത്തിലും 250 യാത്രക്കാരെ ഉൾക്കൊള്ളാനാവും. ആദ്യ ആഴ്​‌ചയിൽ 1000ത്തോളം ആളുകളെ കൊണ്ടുപോകാൻ കഴിയും എന്നാണ്​ കരുതുന്നത്​. എംബസിയിൽ ഇതുവരെ 60,000 ആളുകളാണ്​ രജിസ്​റ്റർ ചെയ്​തത്​. ഇതിൽ ഭൂരിഭാഗവും മലയാളികളാണ്​.

ഗർഭിണികൾ, ദുരിതത്തിലായ തൊഴിലാളികൾ എന്നിവർക്കാണ് ആദ്യ പരിഗണന നൽകുന്നത്​. അതനുസരിച്ച്‌​ തയ്യാറാക്കിയ യാത്രക്കാരുടെ പട്ടിക എയർ ഇന്ത്യയ്​ക്ക്​ കൈമാറിയിട്ടുണ്ട്​. പട്ടികയിലുൾപ്പെട്ടവർ നേരിട്ട്​ എയർഇന്ത്യയെ ബന്ധപ്പെട്ട് പണം നൽകി ടിക്കറ്റ്​ വാങ്ങണം. യാത്രയ്ക്ക്​ മുമ്പ് സൗദി ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച രീതിയിലുള്ള ആരോഗ്യപരിശോധനകള്‍ക്ക്​ വിധേയമാകണം. നൂറുകണക്കിന്​ ഗർഭിണികൾ മടങ്ങാനായി രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

സീറ്റുകളുടെ പരിമിതി കണക്കിലെടുത്ത്​ ഗർഭിണികളോടൊപ്പം പോകാൻ നിലവിൽ ആളുകളെ അനുവദിക്കാനാവില്ല. ആദ്യ ഘട്ടത്തിൽ കേരളത്തിലേക്കും ഡൽഹിയിലേക്കും മാത്രമാണ്​ വിമാനങ്ങളെങ്കിൽ വരുന്ന ആഴ്​ചകളിൽ ഹൈദരാബാദ്​, ബാംഗ്ലൂർ തുടങ്ങിയ കേന്ദ്രങ്ങളിലേക്കും വിമാനങ്ങൾ ഷെഡ്യൂള്‍ ചെയ്യും. സൗദി ആഭ്യന്തര മന്ത്രാലയത്തി​​ന്റെ ഔദ രജിസ്​ട്രേഷൻ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അംബാസഡർ പറഞ്ഞു.