ന്യൂഡൽഹി : ഏറെ വിവാദമായ ബോയ്‌സ് ലോക്കർ റൂം ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റിന്റെ അഡ്മിൻ ഡൽഹി പൊലീസിന്റെ സൈബർ സെൽ അറസ്റ്റ് ചെയ്തു. തലസ്ഥാനത്തെ പ്രമുഖ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെയാണ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്നും ഇയാൾക്ക് 18 വയസ് പ്രായമുണ്ടെന്നുമാണ് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്
പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പങ്കുവെച്ച് അവരെ അധിക്ഷേപിക്കുന്ന ചാറ്റുകളായിരുന്നു ബോയ്‌സ് ലോക്കർ റൂം എന്ന ഗ്രൂപ്പിലുണ്ടായിരുന്നത്. ഇൻസ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും സജീവമായിരുന്ന ഈ ഗ്രൂപ്പിൽ പെൺകുട്ടികളെ ബ പീഡിപ്പിക്കുനതടക്കം ചർച്ച ചെയ്തിരുന്നു.ഗ്രൂപ്പിലെ സ്‌ക്രീൻ ഷോട്ടുകൾ ഒറു പെൺകുട്ടി ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയൊണ് സംവം പുറത്തറിഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെ സംഭവം മാദ്ധ്യമങ്ങളിലും വാർത്തയായി. തുടർന്നാണ് ഡൽഹി പൊലീസ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത ഒരു വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൂടെ ഗ്രൂപ്പിലെ 27 അംഗങ്ങളെയും തിരിച്ചറിഞ്ഞു. 15 വിദ്യാർത്ഥികളെ പൊലീസ് ഇതുവരെ ചോദ്യംചെയ്തിട്ടുണ്ട്. ഇവരുടെ ഫോണുകൾ പിടിച്ചെടുക്കുകയും ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
ഗ്രൂപ്പിന്റെ വിശദാംശങ്ങൾക്കായി ഡൽഹി പൊലീസ് ഇൻസ്റ്റഗ്രാമിൽനിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്.