ന്യൂഡൽഹി: ലോക്ക്ഡൗണിനെത്തുടർന്ന് രാജ്യത്ത് നിറുത്തി വച്ച പൊതുഗതാഗതം വൈകാതെ പുനഃരാരംഭിക്കുമെന്ന സൂചന നൽകി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബസ് ആൻഡ് കാർ ഓപ്പറേറ്റ് കോൺഫഡറേഷൻ ഭാരവാഹികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഗഡ്കരി ഇക്കാര്യം അറിയിച്ചത്. എന്നാൽ ചില നിയന്ത്രണങ്ങളോടെ മാത്രമേ പൊതുഗതാഗതം പുനഃരാരംഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അകലം ഉറപ്പാക്കികൊണ്ട് പൊതുഗതാഗതം പുനരാരംഭിക്കാനുള്ള മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുമെന്നും ഗഡ്കരി അറിയിച്ചു.
പൊതു ഗതാഗതവും ദേശീയ പാതയും തുറക്കുന്നത് ജനങ്ങളിൽ ആത്മവിശ്വാസം വളർത്തുമെന്നും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ സാമൂഹിക അകലം പാലിച്ചുകൊണ്ട് ആരോഗ്യവകുപ്പ് നൽകിയ എല്ലാ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്നും ഗഡ്കരി നിർദേശിച്ചു.
മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് പൊതുഗതാഗതം ഉൾപ്പെടെ നിറുത്തിവച്ചത്. മൂന്നാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് 17 മുതൽ ഗ്രീൻ, ഓറഞ്ച് സോണുകളിൽ ചില നിബന്ധനകളോടെ പൊതുഗതാഗതം പുനഃസ്ഥാപിച്ചേക്കും. ഹാൻഡ് വാഷ്, സാനിറ്റൈസറുകൾ,ഫേസ് മാസ്‌ക് ഉൾപ്പെടെ ഉള്ളവ ഉറപ്പു വരുത്തിയിരിക്കണമെന്നും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.