കൊൽക്കത്ത: കൊവിഡ് 19നെ നേരിടുന്നതിൽ മറ്റേത് സംസ്ഥാനത്തെ അപേക്ഷിച്ചും പശ്ചിമ ബംഗാൾ പരാജയമാണെന്ന വിലയിരുത്തലുമായി കേന്ദ്ര സർക്കാർ. കൊവിഡ് മരണ നിരക്ക് ഏറ്റവും കൂടുതൽ പശ്ചിമ ബംഗാളിലാണെന്നും, രോഗനിർണയ പരിശോധനകൾ ഏറ്റവും കുറഞ്ഞ തോതിലാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്ക് മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ പശ്ചിമബംഗാളിൽ കൊവിഡ് പരിശോധനകൾ നടത്തുന്നത് വളരെ താഴ്‌ന്ന തോതിലാണെന്നും, 13.2 ശതമാനം എന്ന മരണനിരക്ക് മറ്റതൊരു ഇന്ത്യൻ സംസ്ഥാനത്തെ അപേക്ഷിച്ചും വളരെ കൂടുതലാണെന്ന് നോട്ടീസിൽ കേന്ദ്രസർക്കാർ വിമർശിക്കുന്നു. പരിശോധനകൾ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്. സംസ്ഥാനത്ത് ലോക്ക്ഡൗൺ ലംഘനങ്ങൾ വളരെ കടുതലാണ്. കൊവിഡ് പോരാളികളായ പൊലീസിനു പോലും വൻ തോതിൽ ആക്രമണം നേരിടണ്ടി വരുന്ന അവസ്ഥയാണ് പശ്ചിമ ബംഗാളിലേതെന്നുമാണ് വിമർശനം.
നിലവിൽ 1344 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. 140 പേർക്ക് മരണം സംഭവിച്ചു.